വിപണിമൂല്യം പത്തുലക്ഷം കോടി കടന്ന് ടി.സി.എസ്.

Posted on: October 6, 2020

 

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനുശേഷം ഇന്ത്യയില്‍ വിപണിമൂല്യം 10 ലക്ഷം കോടി കടക്കുന്ന കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.). വിപണിയില്‍നിന്ന് ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ കമ്പനി തയ്യാറെടുക്കുന്നതായും ബുധനാഴ്ച ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് തിങ്കളാഴ്ച കമ്പനിയുടെ ഓഹരിവില ഉയരാന്‍ ഇടയാക്കിയത്.

നടപ്പു സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ മികച്ച ഫലമായിരിക്കും കമ്പനി പ്രഖ്യാപിക്കുകയെന്നും വിലയിരുത്തലുകളുണ്ട്. ഇതോടെ ഓഹരിവില 2,727 രൂപവരെയെത്തി. ഒടുവില്‍ 7.30 ശതമാനം (184 രൂപ) നേട്ടത്തില്‍ 2,706.85 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 10.15 ലക്ഷം കോടി രൂപയിലെത്തി.

നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14.95 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മാസം ഇത് 16 ലക്ഷം കോടി കടന്നിരുന്നു. മൂന്നാം സ്ഥാനത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം 6.13 ലക്ഷം കോടി രൂപയാണ്.