ലോകത്തെ 100 ടോപ്പ് ബ്രാന്‍ഡുകളില്‍ ടാറ്റാ ഗ്രൂപ്പും

Posted on: January 29, 2019

മുംബൈ : ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ പുറത്തിറക്കിയ ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 2019 റിപ്പോര്‍ട്ടനുസരിച്ച് ടാറ്റായുടെ ബ്രാന്‍ഡ് ഏറ്റവും മൂല്യമേറിയ 100 ബ്രാന്‍ഡുകളുടെ പട്ടികയിലായി. ടോപ്പ് 100 പട്ടികയില്‍ എത്തുന്ന ഏക ഇന്ത്യന്‍ ബ്രാന്‍ഡായ ടാറ്റാ 104 -ാമത്തെ സ്ഥാനത്ത് നിന്ന് 86 -ാം സ്ഥാനത്തേക്ക് ഈ വര്‍ഷം എത്തി.

ടാറ്റായുടെ മൊത്തം മൂല്യം 37 ശതമാനം ഉയര്‍ന്ന് 19.5 ബില്ല്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇത് 14.2 ബില്യണ്‍ ഡോളറായിരുന്നു. ടാറ്റാ കണ്‍സള്‍ട്ടസി സര്‍വീസസ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍ എന്നിവ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ടാറ്റാ മോട്ടേഴ്‌സിന്റെ ബ്രാന്‍ഡിന്റെ മൂല്യം മൊത്തത്തില്‍ വര്‍ദ്ധിച്ചു.

ടാറ്റാ എല്ലായ്‌പ്പോഴും വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പര്യായയമാണ്. ഈ ബ്രാന്‍ഡിന്റെ ഗുണങ്ങള്‍ ഇന്ന് നമ്മുടെ എല്ലാ സ്‌റ്റേക്ക്‌ഹോള്‍ഡര്‍മാര്‍ക്കും വളരെ പ്രധാനമാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ആഗോളതലത്തില്‍ സാമൂഹിക ഉത്തരവാദിത്വത്തോടെ ബിസിനസ്സ് ചെയ്യുവാനും നൂതനവിദ്യയിലും സംരംഭകത്വത്തിലും മികവിനായി പരിശ്രമിക്കുകയും ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ് ഞങ്ങളുടെ ബ്രാന്‍ഡിനു ലഭിച്ച അംഗീകാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ല്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍ നേട്ടമുണ്ടായതായി ബ്രാന്‍ഡ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഹെയ്ഗ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച 100 ബ്രാന്‍ഡുകളിലുള്ള ഏക ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റാ ഗ്രൂപ്പ്. ടാറ്റാ ഗ്രൂപ്പിന്റെ ബ്രാന്‍ഡിന്റെ മൂല്യം കൂടുതലും വര്‍ധിപ്പിച്ചത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ്. AAA ബ്രാന്‍ഡ് ആദ്യമായി റേറ്റ് ചെയ്തതും ടി സി എസ് ആണെന്നും അദ്ദേഹം ചൂണ്ടികാട്ടി.