മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്‌കാരം ചൊവ്വാഴ്ച

Posted on: August 31, 2020

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) അന്തരിച്ചു. ഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹിലോധി റോഡ് ശ്മശാനത്തിൽ നടക്കും. മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണബ് മുഖർജിയോടുള്ള ആദരസൂചകമായി നാളെ പശ്ചിമബംഗാളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരേതയായ സുവ്‌റ മുഖർജിയാണ് ഭാര്യ. മക്കൾ : അഭിജിത്, ഇന്ദ്രജിത്. ശർമ്മിഷ്ഠ.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഓഗസ്റ്റ് 10 ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.

2012 മുതൽ 2017 വരെ ഇന്ത്യയുടെ 13 ാമത് രാഷ്ട്രപതിയായിരുന്നു. രാജ്യം 2019 ൽ ഭാരതരത്‌നം നൽകി ആദരിച്ചു. പദ്മവിഭൂഷണും നേടിയിട്ടുണ്ട്. 1973 മുതൽ കോൺഗ്രസ് മന്ത്രിസഭകളിൽ അംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയും 2009 മുതൽ 2012 വരെ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു.

ഒരു യുഗത്തിന്റെ അന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

മികച്ച പാർലമെന്റേറിയനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബംഗ്ലാദേശ് പ്രസിന്റ് അബ്ദുൾ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപപ്രാധനമന്ത്രി എൽ.കെ. അഡ്വാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു.