ഡോ.വി. കുര്യന് ഭാരതരത്‌നം നല്‍കണം: മില്‍മ

Posted on: November 4, 2020

തിരുവനന്തപുരം: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ.വര്‍ഗ്ഗീസ് കുര്യന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. മില്‍മയുടെയും പ്രാദേശിക യൂണിയനുകളുടെയും ചെയര്‍മാന്‍മാരുടെ യോഗമാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്.

ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 26 ന് ജന്‍മദേശമായ കോഴിക്കോട് ആരംഭിക്കും. ഡോ.വര്‍ഗ്ഗീസ് കുര്യന് ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനത്തെ മൂവായിരത്തിലേറെ വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ ഒരുലക്ഷത്തില്‍പരം ക്ഷീരകര്‍ഷകര്‍ ഇതില്‍ പങ്കെടുക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ജന്‍മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി മില്‍മ ആസ്ഥാനത്ത് ഡോ. വര്‍ഗ്ഗീസ് കൂര്യന്റെ പൂര്‍ണ്ണകായ പ്രതിമയും യൂണിയന്‍ ആസ്ഥാനങ്ങളില്‍ അര്‍ദ്ധകായ പ്രതിമകളും സ്ഥാപിക്കും. 2020 നവംബര്‍ 26 ന് സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഡോ.വി.കുര്യന്റെ ചിത്രം അനാച്ഛാദനം ചെയ്ത് ദീപം തെളിയിക്കുന്നതാണ്.

സംസ്ഥാന വെറ്റിറിനറി സയന്‍സ് സര്‍വകലാശാലയുടെ കീഴിലുള്ള ഡെയറി സയന്‍സ് കോളേജിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡുകള്‍ നല്‍കുമെന്നും അതിനുവേണ്ടി 5 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.