മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

Posted on: August 31, 2020

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) അന്തരിച്ചു. ഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറൽ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ചിരുന്നു. ഓഗസ്റ്റ് 10 ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2012 മുതൽ 2017 വരെ ഇന്ത്യയുടെ 13 ാമത് രാഷ്ട്രപതിയായിരുന്നു. രാജ്യം 2019 ൽ ഭാരതരത്‌നം നൽകി ആദരിച്ചു.

1973 മുതൽ കോൺഗ്രസ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2009 മുതൽ 2012 വരെ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു.

പരേതയായ സുവ്‌റ മുഖർജിയാണ് ഭാര്യ. അഭിജിത് മുഖർജിയും ശർമ്മിഷ്ഠ മുഖർജിയുമാണ് മക്കൾ.

ഒരു യുഗത്തിന്റെ അന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

മികച്ച പാർലമെന്റേറിയനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.