കേരളത്തിൽ നിക്ഷേപ സൗഹാർദ അന്തരീക്ഷമെന്ന് മന്ത്രി ഇ.പി. ജയരാജൻ

Posted on: August 14, 2020

തിരുവനന്തപുരം : ഈ വർഷം ജനുവരിയിൽ സംഘടിപ്പിച്ച അസെൻഡ് നിക്ഷേപക ഉച്ചകോടിയിൽ അവതരിപ്പിച്ച 25,000 കോടി രൂപയുടെ 54 പദ്ധതികൾ ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. സ്ഥലം രജിസ്‌ട്രേഷൻ, കെട്ടിട നിർമാണ അനുമതി, മലിനീകരണ നിയന്ത്രണ തോത്, വൈദ്യുതി-ജല കണക്ഷനുകൾ തുടങ്ങിയവയ്ക്കായുള്ള നിയമങ്ങൾ ലഘൂകരിച്ചതു വഴി സംസ്ഥാനത്ത് നിക്ഷേപ സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.

54 പദ്ധതികളിൽ 703 കോടി രൂപ മുതൽമുടക്കുള്ള 16 എണ്ണം മൂന്ന് മാസത്തിനുള്ളിൽ പ്രാവർത്തികമാകും. 700 കോടിയുടെ 15 പദ്ധതികൾ ആറ് മാസത്തിനുള്ളിലും 5456.48 കോടിയുടെ 23 പദ്ധതികൾ ഒരു വർഷത്തിനുള്ളിലും പ്രാവർത്തികമാകും.

നിക്ഷേപങ്ങൾ ആകർഷിക്കാനായി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ചെയർമാനും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ വൈസ് ചെയർമാനുമായി സ്‌പെഷൽ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്.