യു ടി ഐ മ്യൂച്വൽഫണ്ട് ഐപിഒ അടുത്തവർഷം

Posted on: November 13, 2014

UTI-Logo-new-Big

യു ടി ഐ മ്യൂച്വൽഫണ്ട് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ആറു മാസത്തിനുള്ളിൽ ഐപിഒ നടത്തുമെന്ന് യു ടി ഐ അസറ്റ്മാനേജ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ ലിയോ പുരി പറഞ്ഞു. ഇതോടെ മ്യൂച്വൽഫണ്ട് മേഖലയിൽ നിന്ന് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ കമ്പനിയാകും യു ടി ഐ. 2008 ൽ പബ്ലിക്ക് ഇഷ്യു നടത്താൻ യു ടി ഐ ആലോചിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.

ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിലെ കണക്കുകൾ പ്രകാരം 83,250 കോടിയുടെ ആസ്തികളാണ് യു ടി ഐ മ്യൂച്വൽഫണ്ട് കൈകാര്യം ചെയ്യുന്നത്. 128 പദ്ധതികളിലായി 95 ലക്ഷം അക്കൗണ്ടുകളും യു ടി ഐ യിലുണ്ട്.

2003 ലെ യുഎസ്-64 കുംഭകോണത്തെ തുടർന്നാണ് യു ടി ഐ പുനസംഘടിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങൾ ചേർന്നാണ് യു ടി ഐ യുടെ 74 ശതമാനം ഓഹരി കൈവശംവയ്ക്കുന്നത്. ശേഷിക്കുന്ന 26 ശതമാനം ഓഹരി അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ടി റോ പ്രൈസിന്റെ നിയന്ത്രണത്തിലാണ്.