എല്‍ഐസി പുതിയ പ്ലാന്‍ ഇന്‍ഡക്‌സ് പ്ലസ് അവതരിപ്പിച്ചു

Posted on: February 10, 2024

മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) പുതിയ പ്ലാന്‍ ഇന്‍ഡക്‌സ് പ്ലസ് (പ്ലാന്‍ 873) അവതരിപ്പിച്ചു. യൂണിറ്റ് ലിങ്ക്ഡ് ആയ ഈ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്ലാന്‍ ഈ മാസം 5 ന് പ്രാബല്യത്തില്‍ വന്നു. പോളിസി കാലയളവില്‍ സമ്പാദ്യവും ഇന്‍ഷുറന്‍സ് സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. പ്രാബല്യത്തിലുള്ള പോളിസികളുടെ വാര്‍ഷിക പ്രീമിയത്തിന്റെ നിശ്ചിത ശതമാനം തുക യൂണിറ്റ് ഫണ്ടിലേക്ക് ചേര്‍ക്കുകയും ആ തുക പുതിയ യൂണിറ്റുകള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 90 ദിവസവും പരമാവധി പ്രായം 60 വയസ്സുമാണ്. 50 വര്‍ഷം വരെ പ്രായമുള്ളവര്‍ക്ക് അടിസ്ഥാന ഇന്‍ഷുറന്‍സ് തുക വാര്‍ഷിക പ്രീമിയത്തിന്റെ 7- 10 ഇരട്ടിയും 51-60 പ്രായമുള്ളവര്‍ക്ക് 7 ഇരട്ടിയും ആയി നിജപ്പെടുത്തിയിരിക്കുന്നു.

കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള കുറഞ്ഞ പ്രായം 18 വയസ്സും കൂടിയ പ്രായം 75 അല്ലെങ്കില്‍ 85 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ട്. വാര്‍ഷിക പ്രീമിയം അനുസരിച്ച് കുറഞ്ഞ പോളിസി കാലാവധി 10 അല്ലെങ്കില്‍ 15 വര്‍ഷവും കൂടിയ കാലാവധി 25 വര്‍ഷവുമാണ്. കുറഞ്ഞ വാര്‍ഷിക പ്രീമിയം 30,000 രൂപ. ഇത് അര്‍ധവാര്‍ഷികമായോ 3 മാസം കൂടുമ്പോഴോ മാസം തോറുമോ അടയ്ക്കാം. ഫ്‌ലെക്‌സി ഗ്രോത്ത് ഫണ്ട്, ഫ്‌ലെക്‌സി സ്മാര്‍ട്ട് ഗ്രോത്ത് ഫണ്ട് എന്നിങ്ങനെ 2 ഫണ്ടുകള്‍ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് പൂര്‍ത്തിയാകുന്ന തീയതിയിലെ യൂണിറ്റ് ഫണ്ട് തുക ലഭിക്കും.

ഈ പോളിസിയുടെ കൂടെ എല്‍ഐസിയുടെ ‘ലിങ്ക്ഡ് ആക്സിഡെന്റല്‍ ഡെത്ത് ബെനഫിറ്റ് റൈഡര്‍’ കൂടി ബന്ധപ്പെടുത്താന്‍ അവസരമുണ്ട്. പോളിസിയുടെ 5 വര്‍ഷത്തെ ലോക്ക് ഇന്‍ പീരിയഡിനു ശേഷം വ്യവസ്ഥകള്‍ക്കു വിധേയമായി ഭാഗികമായി യൂണിറ്റുകള്‍ പിന്‍വലിക്കാവുന്നതാണ്.

ഏജന്റ് മുഖേനയും വെബ്‌സൈറ്റ് വഴിയും പദ്ധതിയില്‍ ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.licindia.in

 

TAGS: LIC |