യെസ് ബാങ്കിന്റെ ഓഹരി വാങ്ങാൻ പേ ടിഎം

Posted on: September 11, 2019

 

ന്യൂഡൽഹി : യെസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിന്റെ നിയന്ത്രണത്തിലുള്ള ഓഹരികൾ വാങ്ങാൻ പേ ടിഎം ഒരുങ്ങുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റാണാ കപൂറിനോട് സ്ഥാനമൊഴിയാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കപൂറിനുള്ള 10.6 ശതമാനം ഓഹരികളുടെ 69 ശതമാനം റിലയൻസ് നിപ്പോൺ അസറ്റ് മാനേജ്‌മെന്റിൽ പണയപ്പെടുത്തിയിരിക്കുകയാണ്. ഓഹരിക്കൈമാറ്റത്തിന് റിസർവ് ബാങ്കിന്റെയും റിലയൻസിന്റെയും അനുമതി തേടിയിട്ടുണ്ട്. യെസ് ബാങ്കിന് അടിയന്തരമായി 9000 കോടിയുടെ പ്രവർത്തനമൂലധനം ആവശ്യമുണ്ട്. അടുത്തിയിടെ അംഗീകൃത മൂലധനം 800 കോടിയിൽ നിന്ന് 1100 കോടിയായി വർധിപ്പിച്ചിരുന്നു.

പേ ടിഎം സ്ഥാപകൻ വിജയ്‌ശേഖർ ശർമ്മ പേ ടിഎം പേമെന്റ്‌സ് ബാങ്കിന്റെ പ്രമോട്ടറായതിനാൽ റിസർവ് ബാങ്കിന്റെ അനുമതി അനിവാര്യമാണ്. 1800-2000 കോടി രൂപയ്ക്ക് ഓഹരി വിൽക്കാനാണ് യെസ് ബാങ്കിന്റെ നീക്കം. യുഎസ് ശതകോടീശ്വരൻ വാറൻ ബഫറ്റ്, ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, ചൈനയിലെ ആലിബാബ തുടങ്ങിയവർ പേ ടിഎമ്മിന്റെ ഹോൾഡിംഗ് കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.