പേടിഎം ഐ.പി.ഒ ആദ്യ ദിനം നേടിയത് 1479 കോടി രൂപ

Posted on: November 11, 2021

കൊച്ചി : പേടിഎമ്മിന്റെ മാതൃസ്ഥാപനമായ ‘വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ മെഗാ ഐ.പി.ഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) തുടങ്ങിയത്. പുറത്തിറക്കിയ ഒരുകോടി രൂപ മുഖവിലയുള്ള 4.83 കോടി ഇക്വിറ്റികളില്‍ 88.23 ലക്ഷം എണ്ണമാണ് നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

റീട്ടെയില്‍ വിഭാഗത്തില്‍ 78% സബ്സ്‌ക്രൈബ് ചെയ്ത് 1479 കോടി രൂപയാണ് നേടിയത്. അതേസമയം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ റിസര്‍വ്ഡ് ഭാഗം 2% സബ്സ്‌ക്രൈബു ചെയ്തു. യോഗ്യതയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നവരുടെ ഭാഗം 6% സബ്സ്‌ക്രൈബുചെയ്തു. മൊത്തത്തില്‍ 18% ഇഷ്യുവാണ് സബ്സ്‌ക്രൈബ് ചെയ്തത്.

1 രൂപ മുഖവിലയുള്ള 8,300 കോടി രൂപ മൂല്യമുള്ള പ്രൈമറി ഇക്വിറ്റി ഓഹരികളും ഓഫര്‍ ഫോര്‍ സെയിലില്‍ നിലവിലുള്ള ഓഹരിയുടമകളുടെ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളിമാണ് ഓഫറില്‍ ഉള്ളത്.

ഐ.പി.ഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണ് സെബി അനുമതി നല്‍കിയത്. ഇതില്‍ 8,300 കോടി രൂപ പുതിയ ഓഹരി വില്‍പനയിലൂടെയും ബാക്കി തുക ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കുകയാണ് ലക്ഷ്യം.

പ്രാഥമിക വിപണിയില്‍നിന്ന് സമാഹരിക്കുന്ന 4,300 കോടി രൂപ വില്‍പന മേഖല വിപുലീകരണത്തിനുള്‍പ്പെടെയും 2000 കോടി ഏറ്റെടുക്കലുകള്‍ക്കും 25 ശതമാനം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വകയിരുത്തും.

TAGS: Paytm |