ഫേസ് ബുക്കിന് യുഎസിൽ 34,200 കോടി രൂപ പിഴ

Posted on: July 14, 2019

വാഷിംഗ്ടൺ : കേംബ്രിഡ്ജ് അനലിറ്റിക്ക സ്വകാര്യത ലംഘനത്തിൽ ഫേസ് ബുക്കിൽ നിന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ 500 കോടി ഡോളർ (34,200 കോടി രൂപ) പിഴ ഈടാക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനം 8.7 കോടി ഫേസ് ബുക്ക് അക്കൗണ്ടുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്നാണ് പരാതി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ പങ്കാളികളായിരുന്നു കേംബ്രിജ് അനലിറ്റിക്ക.

സ്വകാര്യത ലംഘനത്തിന് യുഎസിൽ ഈടാക്കുന്ന ഏറ്റവും വലിയ പിഴയാണ് ഫേസ് ബുക്കിന് മേൽ ചുമത്തിയിട്ടുള്ളത്. പിഴ നൽകി തലയൂരാനാണ് ഫേസ് ബുക്കിന്റെ നീക്കം. എന്നാൽ പിഴ കുറഞ്ഞുപോയെന്നും കൂടുതൽ പിഴയും ശക്തമായ നടപടികളും വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.