സിയാലിന് 167 കോടി രൂപ ലാഭം

Posted on: June 30, 2019

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി 2018-19 സാമ്പത്തിക വർഷം 166.92 കോടി രൂപ ലാഭം. ഓഹരിയുടമകൾക്ക് 27 ശതമാനം ലാഭവിഹിതം നൽകാനും കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ശിപാർശ ചെയ്തു. ഇക്കാലയളവിൽ 650.34 കോടി രൂപയാണ് സിയാലിന്റെ വരുമാനം. മുൻ വർഷമിത് 553.41 കോടി രൂപയായിരുന്നു. ലാഭം 155.99 കോടി രൂപയായിരുന്നു.

സിയാൽ ഡ്യൂട്ടിഫ്രീ ഉൾപ്പടെയുള്ള ഉപ കമ്പനികളുടെ വരുമാനം കൂടി കണക്കിലെടുത്താൽ മൊത്തവരുമാനം 807.36 കോടിയും ലാഭം 184.77 കോടി രൂപയുമാകും. പ്രളയത്തെ തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിടേണ്ടി വന്നുവെങ്കിലും വരുമാനവും ലാഭവും വർധിച്ചു. സിയാലിന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 28 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടത്താനും യോഗം തീരുമാനിച്ചു.

മന്ത്രി വി.എസ്. സുനിൽകുമാർ, ഡയറക്ടർമാരായ കെ. റോയ് പോൾ, എ.കെ. രമണി, എം. എ. യൂസഫലി, ഇ.എം. ബാബു, സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.

TAGS: Cial |