മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന സംസ്‌കാരം അപമാനം : എം.എ. യൂസഫലി

Posted on: May 5, 2019

പത്തനാപുരം : നൂറുശതമാനം സാക്ഷരത നേടിയ കേരളീയർ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്ന പാശ്ചാത്യസംസ്‌കാരം കണ്ടു പഠിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് അപമാനകരമാണെന്ന് പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ഡോ. എം.എ. യൂസഫലി. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി പതിനഞ്ച് കോടി തുക ചിലവഴിച്ച് നിർമ്മിച്ചുനൽകുന്ന ആധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിഭവനുവേണ്ടി എല്ലാ സൗകര്യങ്ങളോടെയും ബഹുനില മന്ദിരം നിർമ്മിച്ചുനൽകുന്നത് പുതിയ അന്തേവാസികളെത്തട്ടെ എന്ന ആഗ്രഹത്തിലല്ല. നിലവിൽ ഇവിടെയുള്ളവർ സൗകര്യമായി താമസിക്കട്ടെ എന്നു കരുതിയാണ്. മാതാപിതാക്കൾക്കുവേണ്ടിയുള്ള കരുതലും പ്രാർത്ഥനയും നന്മകൾ മാത്രമെ സമ്മാനിക്കൂ. സർവ്വ മതങ്ങളും പറയുന്നത് മാതാപിതാക്കളെ സ്നേഹിക്കാനും അവരെ ദൈവത്തെപ്പോലെ കാണുവാനുമാണ്.

പഴയ കൂട്ടുകുടുംബവ്യവസ്ഥിതിയിൽ എല്ലാവരും ഒന്നിച്ചുള്ള പ്രാർത്ഥനയും ഭക്ഷണം കഴിക്കലും അന്യോന്യമുള്ള സംസാരങ്ങളുമെല്ലാം ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. എല്ലാവരും മൊബൈൽ ഫോണിന്റെ ഇത്തിരിവട്ടത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും മൊബൈലിൽ ആയിരിക്കും കണ്ണ്.

ഗാന്ധിഭവനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ആദ്യതവണ ഗാന്ധിഭവനിലെത്തിയപ്പോൾതന്നെ ആരംഭിച്ചതാണ്. ഇവിടുത്തെ സ്ഥലപരിമിതി ബോദ്ധ്യമായതിനെതുടർന്നാണ് 250 പേർക്ക് അത്യാധുനിക സൗകര്യങ്ങളോടെ ജീവിക്കുവാൻ വേണ്ട കെട്ടിടം നിർമ്മിച്ചുനൽകാമെന്ന് വാക്കുപറഞ്ഞത്. അതിനാവശ്യമായ തുക നിലവിൽ പതിനഞ്ച് കോടിയിലധികമാണ്. അതെത്രയായാലും നിർമ്മിച്ചുനൽകാനാണ് ഉറപ്പിച്ചിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിടനിർമ്മാണത്തിന്റെ ഒന്നാം ഘട്ടമായി അഞ്ചു കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. കൂടാതെ ഗാന്ധിഭവന് കടബാദ്ധ്യതകൾ തീർക്കുവാൻ വേണ്ടി ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയും, ദൈനംദിന ചെലവുകൾക്കായി 50 ലക്ഷവും സമ്മാനിച്ചു. ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാക്കുവാൻ കഴിയുന്നതാണെന്നും ഡോ. യൂസഫലി പറഞ്ഞു.