കെ. എം. മാണിക്ക് അന്ത്യാഞ്ജലി ; സംസ്‌കാരം നാളെ

Posted on: April 10, 2019

കൊച്ചി : ഇന്നലെ അന്തരിച്ച കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം പൊതുദർശനത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. നാളെ ഉച്ചകഴിഞ്ഞ് പാലാ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം. കെ. എം. മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരകണക്കിന് ആളുകളാണ് രാവിലെ ലേക്ക്‌ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്. കെ. എസ്. ആർ. ടി. സി.യുടെ അലങ്കരിച്ച ലോ ഫ്‌ളോർ ബസിലാണ് മൃതദേഹം പാലായിലേക്ക് കൊണ്ടുപോകുന്നത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ കാത്തുനിൽക്കുന്നത്.

വിലാപയാത്ര തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ, വഴി കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തും. തുടർന്ന് തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെയ്ക്കും. തിരുനക്കരയിൽ നിന്ന് മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി വഴി പാലായിൽ എത്തിക്കും. പാലാ മുനിസിപ്പൽ ടൗൺഹാളിലും രാത്രി കരിങ്ങോഴയ്ക്കൽ വീട്ടിലും പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമുണ്ടാകും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ മൃതദേഹം സംസ്‌കരിക്കും.

TAGS: K.M. Mani |