മാണിക്യം വിടവാങ്ങി ; പാലാ അനാഥം

Posted on: April 9, 2019

കോട്ടയം : പാലായുടെ മാണിക്യമായിരുന്നു മാണിസാർ. ലോകത്ത് എവിടെ പാലാക്കാരെ കണ്ടുമുട്ടിയാലും മറ്റുള്ളവർ ആദ്യം തെരക്കുന്നത് മാണിസാറിനെ കുറിച്ചായിരിക്കും. അത്രകണ്ട് പാലായുടെ ബ്രാൻഡ് ഐക്കണായി മാണിസാർ മാറിയിരുന്നു. കഴിഞ്ഞ 54 വർഷം കേരള നിയമസഭയിൽ പാലായെ പ്രതിനിധീകരിച്ച കെ. എം. മാണിയുടെ റെക്കോഡ് മറ്റാർക്കും അവകാശപ്പെടാനാവില്ല. മുന്നണി ഏതായാലും കേരള രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ശക്തി കെ.എം. മാണിയായിരുന്നു.

കുട്ടിയമ്മ എന്റെ ഒന്നാം ഭാര്യയാണെങ്കിൽ പാലാ എന്റെ രണ്ടാം ഭാര്യയാണെന്നാണ് മാണി സാർ വിശേഷിപ്പിക്കാറുള്ളത്.അക്ഷരാർത്ഥത്തിൽ പാലായുടെ നാഥാനായിരുന്ന കെ. എം. മാണി. എത്ര വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് വീശിയാലും പാലാക്കാർ മാണിസാറിനെ കൈവിട്ടിട്ടില്ല. ഏറ്റവും ഒടുവിൽ ബാർ കോഴ വിവാദം ആഞ്ഞടിച്ചപ്പോഴും 2016 ൽ മാണിസാർ പാലായിൽ നിന്ന് വിജയിച്ചു. ജനമനസുകളെ ഇത്രകണ്ട് സ്വാധീനിച്ച നേതാക്കൾ കേരള രാഷ്ട്രീയത്തിൽ കുറവാണ്. പാലായുടെ എംഎൽഎയായിരിക്കെയാണ് ഇന്ന് അദേഹം വിടവാങ്ങിയത്.

മാണിസാറിന്റെ വേർപാട് ഉൾക്കൊള്ളാൻ പാലാക്കാർക്ക് കഴിഞ്ഞിട്ടില്ല. രോഗവിവരം അറിഞ്ഞതു മുതൽ തങ്ങളുടെ പ്രിയപ്പെട്ട മാണിസാർ സുഖംപ്രാപിച്ച് തിരിച്ചുവരണേയെന്ന പ്രാർത്ഥനയിലായിരുന്നു പാലാ. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നാളെ പാലാക്കാർ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയെത്തും.

TAGS: K.M. Mani |