കേരള കോൺഗ്രസ് ചെയർമാൻ കെ. എം. മാണി അന്തരിച്ചു

Posted on: April 9, 2019

കൊച്ചി : കേരള രാഷ്ട്രീയത്തിലെ അതികായനും കേരളകോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായ കെ.എം. മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്നു വൈകുന്നേരം 4.57 ന് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ശ്വാസകോശ രോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ലേക്ക്‌ഷോർ ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് പാലായിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.

ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ. മാണി എംപി. മറ്റു മക്കൾ : എൽസമ്മ, ആനി, സാലി, ടെസി, സ്മി.

മരുമക്കൾ : നിഷ ജോസ് കെ. മാണി, ഡോ. തോമസ് കവലയ്ക്കൽ (ചങ്ങനാശേരി), എംപി ജോസഫ് (മുൻ തൊഴിൽവകുപ്പ് സെക്രട്ടറി, തൃപ്പൂണിത്തുറ), ഡോ. സേവ്യർ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ഇലവനാൽ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

1965 ൽ പാലാ മണ്ഡലം രൂപീകരിച്ചതു മുതൽ എംഎൽഎ ആണ്. കഴിഞ്ഞ 54 വർഷം പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഏറ്റവും കൂടുതൽ കാലം മന്ത്രി, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി തുടങ്ങി നിരവധി റെക്കോഡുകളുടെ ഉടമയാണ്. കോൺഗ്രസിന്റെ ഇലക്കാട് മണ്ഡലം പ്രസിഡന്റായി കേരള രാഷ്ട്രീയത്തിൽ പിച്ചവെച്ച മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കൽ മാണി മാണിയുടെ വളർച്ച ഇതിഹാസമായി. 1960-1964 കാലഘട്ടത്തിൽ കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു. 1965 ൽ കേരള കോൺഗ്രസിൽ എത്തി. 1975 ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി. ആഭ്യന്തരം, നിയമം, ധനകാര്യം, റവന്യു, ജലസേചനം, വൈദ്യുതി, ഹൗസിംഗ് തുടങ്ങി നിരവധി വകുപ്പുകൾ കെ.എം. മാണി കൈകാര്യം ചെയ്തു.

TAGS: K.M. Mani |