മാണി സാറിന് പാലാ കണ്ണീരോടെ വിട നൽകി

Posted on: April 11, 2019

പാലാ : കേരള രാഷ്ട്രീയത്തിലെ ഇതിഹാസവും പാലായുടെ മാണിക്യവുായിരുന്ന കെ. എം. മാണിക്ക് പാലാ കണ്ണീരോടെ വിട നൽകി. കെ. എം. മാണിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിച്ചു. മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ്പ് ഡോ. സുസെപാക്യം, കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ കത്തീഡ്രലിൽ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് മുരിക്കൻ, ജോഷ്വാ മാർ ഇഗ് നാത്തിയോസ് തുടങ്ങിയവർ സംസ്‌കാരശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കരിങ്ങോഴക്കൽ തറവാട്ടിൽ സംസ്‌കാര ശുശ്രൂഷകളുടെ ആദ്യ ഭാഗം പൂർത്തിയായതോടെ വിലാപയാത്ര ആരംഭിച്ചു. നഗരം ചുറ്റിയുള്ള വിലാപയാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ വഴിയോരത്ത് കാത്ത് നിന്നിരുന്നു.

മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽസെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎമാർ, എംപിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ള നിരവധിപേർ അദേഹത്തിന്റെ വസതിയിലും പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. സംസ്‌കാരചടങ്ങുകൾക്ക് ശേഷം സെന്റ് തോമസ് കത്തീഡ്രൽ പാരീഷ് ഹാളിൽ അനുശോചന സമ്മേളനം ചേർന്നു.

TAGS: K.M. Mani |