കൊച്ചിൻ ഷിപ്പ്‌യാർഡ് തുടർച്ചയായി ആറാം വർഷവും ലാഭത്തിൽ

Posted on: October 12, 2014

Cochin-Shipyard-CS--inside-

കൊച്ചിൻ ഷിപ്പ്‌യാർഡ് തുടർച്ചയായി ആറാം വർഷവും ലാഭത്തിൽ. 2013 – 14 ധനകാര്യവർഷം കൊച്ചിൻ ഷിപ്പ്‌യാർഡ് 1,637 കോടി രൂപ വിറ്റുവരവും 194 കോടി രൂപ അറ്റാദായവും നേടി. തൊട്ടു മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വളർച്ച കൈവരിക്കാൻ ഷിപ്പ്‌യാർഡിനു കഴിഞ്ഞു. കേന്ദ്രഗവൺമെന്റിനുള്ള ലാഭവിഹിതമായ 16.99 കോടി രൂപയുടെ ചെക്ക്  കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിക്കു കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ കെ. സുബ്രഹ്മണ്യം കൈമാറി.

ലാഭവിഹിതത്തിനു പുറമെ വിവിധ നികുതി ഇനത്തിൽ 162.10 കോടി രൂപ ഖജനാവിലേക്കു കൊച്ചിൻ ഷിപ്പ്‌യാർഡ് നൽകി. 2012-13 ൽ വിറ്റുവരവ് 1,554 കോടി രൂപയും അറ്റാദായം 185 കോടി രൂപയുമായിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അറ്റ മൂല്യം 1,352 കോടി രൂപ. പത്തു രൂപ മുഖവിലയുള്ള ഷിപ്പ് യാർഡ് ഓഹരികളുടെ ബുക്ക് വാല്യു 121 രൂപ. എൽഎൻജി വെസലുകളും ഡ്രെഡ്ജറുകളും നിർമ്മിക്കാൻ ഒരുങ്ങുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്.

(This news was published on October 12 2014)