ഇന്റർനെറ്റ് കണക്ടിവിറ്റി മനുഷ്യാവകാശമെന്ന് മാർക്ക് സുക്കർബർഗ്

Posted on: October 10, 2014

Facebook-Mark-Zuckerberg-bi

ഇന്റർനെറ്റ് ലഭ്യത മനുഷ്യാവകാശമായി കണക്കാക്കണമെന്ന് ഫേസ് ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. കണക്ടിവിറ്റി സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങൾക്കു മാത്രമുള്ളതല്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി ഇതിനെ സർക്കാർ അംഗീകരിക്കണമെന്നും സുക്കർബർഗ് പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്റർനെറ്റ് ഓർഗ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ 24.3 കോടി ഇന്റർനെറ്റ് ഉപയോക്താക്കളാണുള്ളത്. പത്തുകോടിയിലേറെ ഫേസ് ബുക് ഉപയോക്താക്കളുമുണ്ട്. അതേസമയം ഇന്റർനെറ്റ് ലഭ്യതയില്ലാത്തവരുടെ സംഖ്യ നൂറുകോടിയിലേറെയാണ്. ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ഗവൺമെന്റുമായി സഹകരിക്കാൻ ഫേസ് ബുക് തയാറാണെന്നും മാർക്ക് സുക്കർബർഗ് വ്യക്തമാക്കി.

ഡിജിറ്റൽ ഇന്ത്യ ദൗത്യത്തിൽ പങ്കാളിയാകാൻ സുക്കർബർഗ് താത്പര്യം പ്രകടിപ്പിച്ചു. ആദ്യമായി ഇന്ത്യയിലെത്തിയ മാർക്ക് സുക്കർ ബർഗ് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.