റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരികൾ ഫേസ് ബുക്ക് വാങ്ങി ; 43,574 കോടിയുടെ നിക്ഷേപം

Posted on: April 22, 2020

മുംബൈ : റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരികൾ ഫേസ് ബുക്ക് വാങ്ങി. ഫേസ് ബുക്ക് 43,574 കോടി രൂപയുടെ (5.7 ബില്യൺ ഡോളർ) നിക്ഷേപമാണ് ജിയോയിൽ നടത്തിയത്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടി രൂപയായി ഉയർന്നു. ഫേസ് ബുക്കിന്റെ ഭാഗമായ വാട്‌സാപ്പ് ഇന്ത്യയിൽ ഡിജിറ്റൽ പേമെന്റ് സേവനം ആരംഭിക്കാനിരിക്കെയാണ് ഈ ഇടപാട്.

നിക്ഷേപത്തോടൊപ്പം, ജിയോ പ്ലാറ്റഫോംസ്, റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ്, വാട്‌സാപ്പ് എന്നിവയും വാണിജ്യ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. വാട്‌സാപ്പ് ഉപയോഗിച്ച് ജിയോമാർട്ട് പ്ലാറ്റ്ഫോമിൽ റിലയൻസ് റീട്ടെയ്‌ലിന്റെ പുതിയ വാണിജ്യ ബിസിനസ് കൂടുതൽ ത്വരിതപ്പെടുത്താനും വാട്‌സാപ്പിൽ ചെറുകിട സംരംഭങ്ങൾ പിന്തുണയ്ക്കാനും കഴിയും.

ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുമായും, പലചരക്കു കടകളുമായ പങ്കാളിത്തത്തോടെയാണ് ജിയോമാർട്ട് ഒരുങ്ങുന്നത്. ഇതോടെ ഏറ്റവും അടുത്തുള്ള ചെറുകിട പലചരക്കുകട ഉടമകൾക്കു വാട്ട്‌സാപ്പ് ഉപയോഗിച്ച് ജിയോമാർട്ടുമായി ചേർന്ന് ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലേക്ക് ഉത്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ കഴിയും.

ഈ നിക്ഷേപവുമായുള്ള ജിയോയുടെ ലക്ഷ്യം എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ പ്രാപ്തമാക്കുക എന്നതാണ്, പ്രത്യേകിച്ചും ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസുകൾക്കായി. കൂടാതെ 1.3 ബില്യൺ ഇന്ത്യക്കാരുടെ ജീവിതം ശാക്തീകരിക്കാനും ഉയർത്താനും സഹായിക്കുന്ന പുതിയതും ആവേശകരവുമായ ഡിജിറ്റൽ പരിസ്ഥിതി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

വിവിധ ഡിജിറ്റൽ സേവനങ്ങൾ തേടുന്ന ആളുകളെ ശാക്തീകരിക്കുന്നതിനൊടോപ്പം ഇന്ത്യയുടെ 60 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾ, 120 ദശലക്ഷം കർഷകർ, 30 ദശലക്ഷം ചെറുകിട വ്യാപാരികൾ, അനൗപചാരിക മേഖലയിലെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്കും ജിയോ – ഫേസ് ബുക്ക് കൂട്ടുകെട്ട് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.