ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 56 കോടി പിന്നിട്ടു

Posted on: December 30, 2018

മുംബൈ : ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 56 കോടി പിന്നിട്ടു. കണക്ഷനുകളുടെ എണ്ണത്തിൽ 2018 ൽ 65 ശതമാനം വളർച്ചയുണ്ടായി. മൊത്തമുള്ള 56 കോടി കണക്ഷനുകളിൽ 54 കോടിയും മൊബൈൽ ഫോണുകൾ വഴിയാണ്. ശേഷിക്കുന്ന രണ്ട് കോടി കണക്ഷനുകൾ മാത്രമാണ് ബ്രോഡ്ബാൻഡിലുള്ളത്. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ളത് 36 കോടി കണക്ഷനുകളാണ്. മൊത്തം കണക്ഷനുകളുടെ 64 ശതമാനം വരുമിത്. അവശേഷിക്കുന്ന 36 ശതമാനം (19.4 കോടി) ഗ്രാമീണ മേഖലയിലാണ്.

ഇന്റർനെറ്റ് കണക്ഷനുകളുടെ കാര്യത്തിൽ 2018 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോ (252.25 ദശലക്ഷം), ഭാരതി എയർടെൽ (99.29 ദശലക്ഷം), വോഡഫോൺ (51.82 ദശലക്ഷം), ഐഡിയ സെല്ലുലാർ (47.90 ദശലക്ഷം), ബിഎസ്എൻഎൽ (20.12 ദശലക്ഷം) എന്നീ സർവീസ് പ്രൊവൈഡർമാരാണ് യഥാക്രമം ഒന്നു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 20 കോടിയിലേറെ ഇന്റർനെറ്റ് കണക്ഷനുകളുണ്ട്. മൊത്തം കണക്ഷനുകളുടെ 36 ശതമാനം വരുമിത്.