റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപവുമായി കെ കെ ആർ

Posted on: May 22, 2020

മുംബൈ: യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കൈ കെ ആർ റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപം നടത്തും. ഇതുവഴി കെ കെ ആറിന് റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 2.32 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. കെ കെ ആറിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.

ജിയോ പ്ലാറ്റ്ഫോമിൽ അടുത്തിടെ നിക്ഷേപം നടത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് കെ കെ ആർ. ഫേസ് ബുക്ക്, സിൽവർലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നിവരാണ് നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ളത്. ഒരു മാസത്തിനുള്ളിൽ അഞ്ചു നിക്ഷേപങ്ങളിലൂടെ 78,562 കോടി രൂപയാണ് ജിയോ പ്ലാറ്റഫോംസിലേക്കു വന്നുചേർന്നിരിക്കുന്നത്. 17.12 ശതമാനം ഓഹരികളാണ് ജിയോ വിറ്റത്. ഈ ഇടപാടുകളിലൂടെ ജിയോ പ്ലാറ്റഫോംസിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായും എന്റർപ്രൈസ് മൂല്യം 5.16 കോടി രൂപയായി ഉയരും.

1976-ൽ സ്ഥാപിതമായ കെകെആറിന് പ്രമുഖ ആഗോള സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനും സാങ്കേതിക മേഖലയിലെ ബിസിനസുകളിൽ വിജയകരമായി നിക്ഷേപിക്കുന്നതിനും ദീർഘകാല ചരിത്രമുണ്ട്. കമ്പനി 30 ബില്യൺ ഡോളറിലധികം ടെക് കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ ടെക്‌നോളജി പോർട്ട്ഫോളിയോയിൽ ടെക്‌നോളജി, മീഡിയ, ടെലികോം മേഖലകളിലുടനീളം 20 ലധികം കമ്പനികളുണ്ട്. കെകെആർ 2006 മുതൽ ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

388 ദശലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുള്ള ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതിക പ്ലാറ്റ്‌ഫോമാണ് ജിയോ പ്ലാറ്റഫോംസ്. ചെറുകിട വ്യാപാരികൾ, മൈക്രോ ബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യൺ ആളുകൾക്കും ബിസിനസുകൾക്കുമായി ഒരു ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ദൗത്യം.

കെകെആർ ഇന്ത്യയിൽ ഒരു പ്രീമിയർ ഡിജിറ്റൽ സൊസൈറ്റി കെട്ടിപ്പടുക്കുകയെന്നു ഞങ്ങളുടെ സ്വപ്നത്തിൽ വിശ്വസിക്കുന്നു. ഇന്ത്യൻ വിപണിയെ നന്നായി മനസിലാക്കിയ ഒരു നിക്ഷേപക സ്ഥാപനം കൂടിയാണ് കെകെആർ. ഈ വ്യവസായ പരിജ്ഞാനവും, പ്രവർത്തന വൈദഗ്ദ്ധ്യവും ജിയോയുടെ വളർച്ചക്ക് പ്രയോജനപ്പെടുത്താൻ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം എന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.

ജിയോ പ്ലാറ്റഫോംസ് ഇന്ത്യയുടെ ഡിജിറ്റൽ ലോകത്ത് വരുത്തിയ പരിവർത്തനങ്ങൾ ലോകമെമ്പാടും കുറച്ചു കമ്പനികൾക്കെ സാധിച്ചിട്ടുള്ളുവെന്ന് കെകെആർ സ്ഥാപകനും സിഇഒ യുമായ ഹെൻറി ക്രാവിസ് പറഞ്ഞു. ജിയോയുടെ വളർച്ച, ഇന്നോവേഷൻ, ശക്തമായ നേതൃത്വം എന്നിവയാണ് ഞങ്ങളെ ജിയോയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെയും ഏഷ്യാ പസഫിക്കിലെയും പ്രമുഖ സാങ്കേതിക കമ്പനികളെ പിന്തുണയ്ക്കുന്നതിനുള്ള കെകെആറിന്റെ പ്രതിബദ്ധതയുടെ ശക്തമായ സൂചകമായിട്ടാണ്  ഈ നിക്ഷേപത്തെ കാണുന്നതെന്ന് ഹെൻറി ക്രാവിസ് കൂട്ടിച്ചേർത്തു.