ലുലു ഗ്രൂപ്പിന്റെ ആന്ധ്രയിലെ പദ്ധതികൾക്ക് തുടക്കമായി

Posted on: February 26, 2018

ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നിർവഹിക്കുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, യുഎഇ സാമ്പത്തിക വകുപ്പ് സെക്രട്ടറി അബ്ദുള്ള അഹമ്മദ് സാലെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ സമീപം.

വിശാഖപട്ടണം : ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയുൾപ്പെടുന്ന സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നിർവഹിച്ചു. ആന്ധ്രപ്രദേശിന്റെ വാണിജ്യനഗരമായ വിശാഖപട്ടണത്ത് സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് 2.200 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. 2021 ൽ പദ്ധതി പൂർത്തിയാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അധ്യക്ഷതവഹിച്ചു.

ഒരേസമയം 7000 ആളുകളെ ഉൾക്കൊള്ളാവുന്ന രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററാണ് വിശാഖപട്ടണത്ത് ഒരുങ്ങുന്നത്. 20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ, ഹോട്ടൽ എന്നിവയും കൺവെൻഷൻ സെന്ററിനോട് അനുബന്ധിച്ച് നിർമ്മിക്കുമെന്നും യൂസഫലി പറഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ 5000 പേർക്ക് നേരിട്ടും അത്രയും തന്നെ ആളുകൾക്ക് അല്ലാതെയും തൊഴിൽ ലഭിക്കുമെന്നും അദേഹം വ്യക്തമാക്കി.

യുഎഇ സാമ്പത്തിക വകുപ്പ് സെക്രട്ടറി അബ്ദുള്ള അഹമ്മദ് സാലെ, കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക മന്ത്രി വൈ. എസ്. ചൗധരി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ്, സംസ്ഥാനമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.