നിരക്കുകളിൽ മാറ്റമില്ലാതെ ആർബിഐ വായ്പനയം

Posted on: October 4, 2017

മുംബൈ : പലിശനിരക്കുകളിൽ മാറ്റം വരുത്താതെ നടപ്പ്  വർഷത്തെ നാലാമത്തെ വായ്പനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനമായും ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കുന്ന കരുതൽധനത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും.  കരുതൽ ധനാനുപാതം (സി ആർ ആർ) നാല് ശതമാനമാണ്. സാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) യിൽ 50 ബേസിസ് പോയിന്റ് കുറവ് വരുത്തി. 19.5 ശതമാനമാണ് പുതുക്കിയ എസ് എൽ ആർ.

പണപ്പെരുപ്പം കണക്കിലെടുത്താണ് പലിശനിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റംവരുത്താതിരുന്നത്. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 3.36 ശതമാനവും ജൂലൈയിൽ 2.36 ശതമാനവുമായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്ന നിലവാരത്തിൽ തുടരുന്നത് വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും കൂടാനിടയാക്കുമെന്നാണ് വിലയിരുത്തൽ.

വളർച്ചാനിരക്ക് 2017-18 ൽ 6.7 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്കിന്റെ പണനയ അവലോകന സമിതി വിലയിരുത്തി. നേരത്തെ 7.3 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് (5.7 %) നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ പ്രകടമായത്.