റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പി വിപണന പദ്ധതിയ്ക്ക് ഉട ന്‍ തുടക്കം

Posted on: October 8, 2022

കൊച്ചി : റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ പരീക്ഷണ വിപണന പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാകും. പേപ്പര്‍ നോട്ടുകള്‍ക്ക് പകരം നിശ്ചിത സാഹചര്യങ്ങളിലും വ്യാപാര, വിപണന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇ- റുപ്പിക്ക് രൂപം നല്‍കിയിട്ടുള്ളത്.

പണം കൈമാറ്റത്തിന് നിലവിലുള്ള വിവിധ മാര്‍ഗങ്ങള്‍ക്കൊപ്പം പുതിയൊരു സംവിധാനമെന്ന നിലയിലാകും ഇറുപ്പി പ്രവര്‍ത്തിക്കുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. ബാങ്ക് നോട്ടുകളുമായി കാര്യമായ വ്യത്യാസമില്ലെങ്കിലും എളുപ്പത്തിലും ആയാസ രഹിതമായും കുറഞ്ഞ ചെലവിലും ഇ-റുപ്പി ഉപയോ
ഗിക്കാനാകുമെന്നതാണ് പ്രത്യേകത.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉള്‍പ്പെടെയുള്ള മറ്റ് ഡിജിറ്റല്‍ പണമിടപാടുകളുടെ എല്ലാ സൗകര്യങ്ങളും റിസര്‍വ് ബാങ്കിന്റെ ഇ-റുപ്പി ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. റബി ശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൈലറ്റ് പദ്ധതിയ്ക്ക് തുടക്കമിട്ട ശേഷം ഇറുപ്പിയുടെ അധിക പ്രയോജനങ്ങളും ഇളവുകളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രബാങ്ക്ഡിജിറ്റല്‍ കറന്‍സി എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലും ഉറപ്പിലും നിയമവിധേയമായും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നാണയമായിരിക്കും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍നാണയം പുറത്തിറക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ധനമന്ത്രി നിര്‍മലസീതാരാമന്‍ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര ഇടപാടുകള്‍ അതിവേഗം പൂര്‍ത്തിയാക്കാനും ഇ-റുപ്പി സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന റിസര്‍വ് ബാങ്ക് ഒരു ബദല്‍ പേയ്‌മെന്റ് മാര്‍ഗമായാണ് ഇ-റുപ്പി പുറത്തിറക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കേന്ദ്ര ബാങ്കുകളുടെയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ പിന്തുണയും ഉറപ്പുമില്ലാത്തതിനാല്‍ ഇവയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.