കേരളത്തെ സ്റ്റാർട്ട്അപ്പ് ഹബാക്കി മാറ്റും പി.കെ. കുഞ്ഞാലിക്കുട്ടി

Posted on: September 12, 2014

YES-Inauguration-big

കേരളത്തെ സ്റ്റാർട്ട് അപ്പ് ഹബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. വ്യവസായവകുപ്പ് കെ എസ് ഐ ഡി സി യുടെ സഹകരണത്തോടെ അങ്കമാലി അഡ്‌ലെക്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച യംഗ് എന്റർപ്രണർ സമ്മിറ്റിൽ (യെസ്) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷ്യം ഏതാണ്ട് കൈവരിച്ചുവെങ്കിലും കേരളത്തെ രാജ്യത്തിന്റെ വ്യാവസായിക ഭൂപടത്തിൽ ഉയർന്ന സ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. തൊഴിൽ അന്വേഷകരുടെ സംസ്ഥാനത്തിൽ നിന്ന് തൊഴിൽദാതാക്കളുടെ സംസ്ഥാനമെന്ന ഖ്യാതി നേടിയെടുക്കാൻ യുവസംരംഭകരിലാണ് സർക്കാർ പ്രതീക്ഷയർപ്പിക്കുന്നത്. യംഗ് എന്റർപ്രണേഴ്‌സ് സമ്മിറ്റിലെ ആവേശകരമായ പ്രതികരണം ഞങ്ങളുടെ ലക്ഷ്യം പകുതി നിറവേറ്റിയെന്ന സൂചനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ആശയമുണ്ടെങ്കിൽ കേരളത്തിലേക്കു വരൂ സംരംഭകനാകൂ എന്നതാണ് യംഗ് എന്റർപ്രണർ മീറ്റിന്റെ സന്ദേശമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടറുമായ അരുണ സുന്ദരരാജൻ പറഞ്ഞു. യുവതലമുറയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇൻഫോപാർക്ക്, സ്റ്റാർട്ട് അപ് വില്ലേജ്, സ്മാർട്ട്‌സിറ്റി തുടങ്ങിയവയിലേക്കുള്ള റോഡുകൾ അടുത്ത 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ചടങ്ങിൽ പ്രസംഗിച്ച പൊതുമാരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് യുവസംരംഭകർക്ക് ഉറപ്പുനൽകി. എക്‌സൈസ് മന്ത്രി കെ. ബാബു, വ്യവസായ – ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, ജോസ് തെറ്റയിൽ എംഎൽഎ, സ്റ്റാർട്ട് അപ് വില്ലേജ് സിഇഒ പ്രണവ്കുമാർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.