യുവസംരംഭകർക്ക് ലിവ്, വർക്ക് ആൻഡ് പ്ലേ കാമ്പസ് ഒരുക്കുമെന്ന് മുഖ്യമന്ത്രി

Posted on: September 13, 2014

Award-winners-big

യുവതലമുറയുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ രാജ്യത്താദ്യമായി ലിവ്, വർക്ക് ആൻഡ് പ്ലേ’ കാമ്പസ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കാമ്പസായിരിക്കും നിർമ്മിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സർക്കാറിന്റെ വ്യവസായ വകുപ്പ് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച യംഗ് എൻട്രപ്രണേഴ്‌സ് സമ്മിറ്റിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012 ൽ അവതരിപ്പിച്ച സ്റ്റുഡന്റ് എൻട്രപ്രെനേഴ്‌സ് പോളിസി പ്രതീക്ഷിച്ചതിലും വലിയ ഫലമാണ് ഉളവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംരംഭകരായ വിദ്യാർത്ഥികൾക്ക് 20 ശതമാനം ഹാജർ ആനുകൂല്യവും 5 ശതമാനം ഗ്രേസ് മാർക്കും ഉടൻ നിലവിൽ വരുമെന്നും അറിയിച്ചു. വൈ സ് ചാൻസലർമാരുമായും മറ്റ് അഭ്യുദയകാംഷികളുമായി ചർച്ച നടത്തിവരികയാണെന്നും പോളിസി ഔദ്യോഗികമായി ഉടനെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

സ്‌കിൽ ഡെവലപ്‌മെന്റിന് വേണ്ടിയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ അരുണ സുന്ദരരാജന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലിന്റെ റിപ്പോർട്ട് സർക്കാർ സ്വീകരിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടനെ സ്റ്റാർട്ട് അപ് – ഇന്നോവേഷൻ പോളിസി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്ത് യുവ സംരംഭകരുടെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ വൻതോതിൽ വർധിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് കെഎഫ്‌സി 40 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ധനകാര്യ – നിയമ വകുപ്പ് മന്ത്രി കെ എം മാണി അറിയിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ അരുണ സുന്ദരരാജൻ, എംകെ ഗ്രൂപ്പ് ചെയർമാൻ എം എ യുസഫ് അലി, കെഎസ്‌ഐഡിസി ചെയർമാൻ ടി കെ എ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: KSIDC | YES 2014 |