യെസ് ഫോർ കേരള

Posted on: September 11, 2014

Yes-Logo-Big

ആശയങ്ങളുള്ള യുവജനങ്ങൾക്കു ദിശാബോധം നൽകാനുള്ള കേരളാ സർക്കാരിന്റെ പുതിയ ചുവടുവയ്പ്പാണ് യംഗ് എന്റർപ്രണേഴ്‌സ് സമ്മിറ്റ് (യെസ്) 2014. സംസ്ഥാനത്ത് സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ടുവരുന്ന യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനും അതു വഴി കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും യെസ് ലക്ഷ്യമിടുന്നു. കിൻഫ്ര, കെ ബിപ്, സ്റ്റാർട്ട് അപ് വില്ലേജ്, ടെക്‌നോപാർക്ക്, സിഐഐ, ടൈ എന്നിവയുടെ പങ്കാളിത്തത്തോടെ കെ എസ് ഐ ഡി സി യാണ് യെസ് സംഘടിപ്പിക്കുന്നത്.

സ്റ്റാർട്ട് അപ്പുകൾക്ക് മൂലധനം നൽകാൻ ഏയ്ഞ്ചൽ ഫണ്ട് അവതരിപ്പിക്കാനും കെ എസ് ഐ ഡി സി ഉദേശിക്കുന്നു. കൂടാതെ മെന്ററിംഗ്, ഉപദേശ സേവനങ്ങൾ, സി ഐ ഐ പോലുള്ള സംഘടനകളുമായി ചേർന്ന് വിപണി ബന്ധിപ്പിക്കൽ തുടങ്ങിയ സേവനങ്ങളും കെ എസ് ഐ ഡി സി നൽകും. വനിത സംരംഭകരെയും പരിസ്ഥിതിക്ക് ഇണങ്ങുന്ന ബിസിനസ് ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നവരെയും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികളുണ്ട്.

കൊച്ചിയിലും കോഴിക്കോട്ടും കെ എസ് ഐ ഡി സി ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ തുടങ്ങും. ലൈഫ് സയൻസിനു വേണ്ടിയുള്ള ഇൻകുബേഷൻ സൗകര്യമാണ് മറ്റൊരു സവിശേഷത. യുവസംരംഭകരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സെപ്റ്റംബർ 12 കേരള സംരംഭക ദിനമായി ആചരിക്കുകയാണ്. 2012 ൽ എമേർജിംഗ് കേരളയുടെ ഭാഗമായി അവതരിപ്പിച്ച വിദ്യാർത്ഥി സംരംഭക നയത്തിന് ലഭിച്ച ആവേശകരമായ പ്രതികരണത്തിന്റെ വെളിച്ചത്തലാണ് ഇപ്പോഴത്തെ മുന്നേറ്റം.

യെസിന് മുന്നോടിയായി പുതുമയാർന്ന ആശയങ്ങൾ തേടി സംഘടിപ്പിച്ച മത്സരത്തിൽ 518 എൻട്രികൾ ലഭിച്ചു. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് യഥാക്രമം 1 ലക്ഷം രൂപ, 50,000 രൂപ, 30,000 രൂപ കാഷ് പ്രൈസ് നൽകും. മറ്റ് ഏഴ് ആശയങ്ങൾക്ക് 25,000 രൂപ വീതവും നൽകും. ആഗോളതലത്തിൽ മെയ്ഡ് ഇൻ കേരള ബ്രാൻഡ് അവതരിപ്പിക്കുന്നതിൽ ഈ മുന്നേറ്റങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അരുണ സുന്ദർരാജൻ പറഞ്ഞു.

TAGS: K S I D C | YES 2014 |