ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 22.45 ശതമാനം വളർച്ച

Posted on: December 20, 2016

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ നവംബറിൽ 22.45 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2015 നവംബറിലെ 73.22 ലക്ഷത്തിൽ നിന്നും 2016 നവംബറിൽ 89.66 ലക്ഷമായി വർധിച്ചു. തുടർച്ചയായി 28 മാസമാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തുന്നത്. സ്‌പൈസ്‌ജെറ്റ് 92.5 ശതമാനം സീറ്റ് ഓക്യുപെൻസിയോടെ ഒന്നാംസ്ഥാനം നിലനിർത്തി. ഒക്‌ടോബറിൽ 91.9 ശതമാനമായിരുന്നു സ്‌പൈസ്‌ജെറ്റിന്റെ സീറ്റ് ഓക്യുപെൻസി.

നടപ്പുവർഷം ആദ്യത്തെ 11 മാസക്കാലത്ത് 903.36 ലക്ഷം പേർ ആഭ്യന്തര വിമാനയാത്ര നടത്തി. മുൻ വർഷത്തേക്കാൾ 23.1 ശതമാനം വളർച്ച കൈവരിച്ചു. 2015 ൽ 733.82 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. ഇൻഡിഗോ നവംബറിൽ 42.1 ശതമാനം വിപണിവിഹിതം നേടി. തുടർച്ചയായി മൂന്നാം മാസമാണ് 40 ശതമാനത്തിനു മുകളിൽ വിപണിവിഹിതം നിലനിർത്തുന്നത്.