ആഭ്യന്തര വിമാനസർവീസുകളിൽ 23 ശതമാനം വളർച്ച

Posted on: November 22, 2016

domestic-flights-big

ന്യൂഡൽഹി : ആഭ്യന്തര വിമാനസർവീസുകളിൽ കഴിഞ്ഞ മാസം 23.18 ശതമാനം വളർച്ച കൈവരിച്ചു. വിപണിവിഹിതത്തിൽ 42.6 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ആണ് മുന്നിൽ. തുടർച്ചയായി രണ്ടാം മാസമാണ് ഇൻഡിഗോ 40 ശതമാനത്തിന് മുകളിൽ വിപണിപങ്കാളിത്തം നിലനിർത്തുന്നത്.

യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ഒക്‌ടോബറിലെ 70.39 ലക്ഷത്തിൽ നിന്ന് 2016 ഒക്‌ടോബറിൽ 86.72 ലക്ഷമായി വർധിച്ചു. തുടർച്ചയായി 27 ാം മാസമാണ് ആഭ്യന്തര വിമാന സർവീസ് ഇരട്ടയക്ക വളർച്ചരേഖപ്പെടുത്തുന്നത്. വിമാനസർവീസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 709 പരാതികൾ ഡിജിസിഎക്ക് ലഭിച്ചു.

സീറ്റ് ഓക്യുപെൻസിയുടെ കാര്യത്തിൽ സ്‌പൈസ്‌ജെറ്റ് ആണ് മുന്നിൽ. 91.9 ശതമാനം. സ്‌പൈസ്‌ജെറ്റിന് സെപ്റ്റംബറിൽ 93.5 ശതമാനവും ഓഗസ്റ്റിൽ 93.2 ശതമാനവും സീറ്റ് ഓക്യുപെൻസിയുണ്ടായിരുന്നു. എയർ കാർണിവൽ, ട്രൂജെറ്റ് എന്നിവയാണ് കഴിഞ്ഞമാസം ഏറ്റവും കൂടുതൽ കാൻസലേഷനുകൾ രേഖപ്പെടുത്തിയത്.