റിസർവ് ബാങ്ക് വായ്പനയം : നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷ

Posted on: October 3, 2016

RBI-wall-Big

മുംബൈ : റിസർവ് ബാങ്ക് വായ്പ നയ അവലോകന സമിതിയുടെ ആദ്യയോഗം ആരംഭിച്ചു. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ നയപ്രഖ്യാപനം നടത്തും. പുതിയ ഗവർണറും വായ്പ അവലോകന സമിതിയും വായ്പ നിരക്കു കുറച്ചേക്കുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമാണ്. അടുത്തകാലം വരെ രാവിലെ 11 ന് ആണ് വായ്പ നയം പ്രഖ്യാപിച്ചിരുന്നത്.

വായ്പ നയം റിസർവ് ബാങ്ക് ഗവർണർ തീരുമാനിക്കുന്ന രീതി അവസാനിപ്പിച്ച് ആറ് അംഗങ്ങളുള്ള വായ്പ നയ അവലോകന സമിതി (മോണിട്ടറി പോളിസി കമ്മിറ്റി) രൂപീകരിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഇപ്പോൾ നടക്കുന്നത്. റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെ മൂന്ന് പ്രതിനിധികൾ വീതമാണ് സമിതിയിലുള്ളത്.

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി, എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കേൽ പത്ര, ചേതൻ ഘട്ടെ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ), പാമി ദുവ (ഡൽഹി സ്‌കൂൾ ഓഫ് ഇക്‌ണോമിക്‌സ്), രവീന്ദ്ര ധൊലാക്കിയ (ഐഐഎം അഹമ്മദാബാദ്) എന്നിവരാണ് വായ്പ അവലോകന സമിതി അംഗങ്ങൾ.