കൊച്ചിൻ ഡ്യൂട്ടി ഫ്രീ വൻ വികസനത്തിനൊരുങ്ങുന്നു

Posted on: September 7, 2016

Cochin-Duty-Free-Big-a

കൊച്ചി : സിയാൽ ഡ്യൂട്ടി ഫ്രീ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പുറമെ ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലേക്കു കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ബിസിനസ് വ്യാപിപ്പിക്കും. ഇതിനായി സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് എന്നൊരു പുതിയ കമ്പനി രൂപീകരിച്ചുകഴിഞ്ഞു. കൊച്ചി അന്താരാഷ് ട്ര വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡ് പുതിയ സബ്‌സിഡയറി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. സിയാലിന്റെ പ്രധാന വ്യോമയാനേതര വരുമാനം ഡ്യൂട്ടിഫ്രീ ബിസിനസിൽ നിന്നാണ്.

ഡ്യൂട്ടി ഫ്രീ ബിസിനസ് ആരംഭിച്ച ആദ്യവർഷം (2002-2003) വിറ്റുവരവ് 5.60 കോടി രൂപയായിരുന്നു. എന്നാൽ 2015-2016 ൽ 165.36 കോടി രൂപയായി. ഇന്റർനാഷണൽ അറൈവൽ വിഭാഗത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിസ്തൃതി 13,900 ചതുരശ്ര അടിയും ഡിപ്പാർച്ചർ വിഭാഗത്തിൽ 5,000 ചതുരശ്രയടിയുമാണ്. കൂടാതെ 32,000 ചതുരശ്രയടി വിസ്തീർണമുള്ള ഡ്യൂട്ടി ഫ്രീ വെയർഹൗസും സിയാലിനുണ്ട്.

പുതിയ അന്താരാഷ്ട്ര ടെർമിനൽ (ടി 3) പ്രവർത്തനക്ഷമമാകുന്നതോടെ വാക്ക് ത്രൂ ഡ്യൂട്ടി ഫ്രീ ഏരിയയുടെ വിസ്തൃതി 35,000 അടിയായി വർധിക്കും. ബിയർ, വൈൻ, ലിക്കർ, സിഗരറ്റ്, പെർഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, കൺഫെഷണറി, സുവനീർ തുടങ്ങിയവയുടെ വിപുലമായ ശേഖരം പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിലുണ്ടാകും.