സിയാലിന് റെക്കോർഡ് നേട്ടം

Posted on: June 23, 2016

CIAL-arrival-international

തിരുവനന്തപുരം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് (സിയാൽ) റെക്കോർഡ് നേട്ടം. 2015-16 ധനകാര്യ വർഷത്തിൽ കമ്പനി 524.54 കോടി രൂപ വിറ്റുവരവും 175.22 കോടി രൂപ അറ്റാദായവും നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗം നിക്ഷേപകർക്ക് 25 ശതമാനം ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ധനകാര്യ വർഷത്തെ അപേക്ഷിച്ച് വിറ്റുവരവിൽ 26.71 ശതമാനവും ലാഭത്തിൽ 21.19 ശതമാനവും വളർച്ചയുണ്ടായി. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാൽ 2003-04 ധനകാര്യ വർഷം മുതൽ കമ്പനി തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. 2014-15 ധനകാര്യ വർഷത്തോടെ മൊത്തം 153 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകി. ഇതുവരെ മൂന്നുതവണ അവകാശ ഓഹരികൾ വിതരണം ചെയ്തു. സെപ്റ്റംബർ മൂന്നിന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കുന്ന വാർഷിക പൊതുയോഗം ഡിവിഡൻഡ് ശുപാർശ അംഗീകരിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സിയാൽ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി.എസ്.സുനിൽകുമാർ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡയറക്ടർമാരായ പദ്മശ്രീ എം എ യൂസഫലി, എൻ.വി. ജോർജ്, കെ. റോയ് പോൾ, എ.കെ.രമണി, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി ശീ.സജി കെ.ജോർജ് തുടങ്ങിയവർ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏഴാമതും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ ധനകാര്യ വർഷം 77 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്രചെയ്തു. 2023 ഓടെ 3,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുവരുന്നു.

ഡ്യൂട്ടി ഫ്രീ, ഊർജോത്പാദനം, ബിസിനസ് വൈവിധ്യവത്ക്കരണം എന്നിവയാണ് വരുമാന വർധനയ്ക്കുള്ള പ്രധാന പദ്ധതികൾ. 2015 ഓഗസ്റ്റ് മുതൽ സമ്പൂർണമായും സൗരോർജത്താലാണ് സിയാൽ പ്രവർത്തിക്കുന്നത്. 15.5 മെഗാവാട്ടാണ് സൗരോർജ പ്ലാന്റിന്റെ നിലവിലെ സ്ഥാപിത ശേഷി.