ആയിരം കോടി വരുമാന ലക്ഷ്യവുമായി സിയാൽ

Posted on: May 24, 2016

CIAL-front-view-old-Big

കൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2023 ൽ 1000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. ഇപ്പോൾ സിയാലിന്റെ വാർഷിക വരുമാനം 500 കോടി രൂപയാണ്.  വ്യോമയാനേതര വരുമാനം വൻതോതിൽ വർധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിവരികയാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 1999 ൽ 300 കോടി രൂപ മുതൽമുടക്കിയാണ് നിർമിച്ചത്. 2003-2004 ധനകാര്യ വർഷം മുതൽ സിയാൽ ലാഭത്തിലാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്. 2015-2016 സാമ്പത്തികവർഷത്തിൽ യാത്രക്കാരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു.

15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ ഫ്‌ളൈറ്റുകളുടെ എണ്ണം പതിന്മടങ്ങ് വർധിക്കും. നിലവിൽ പ്രതിവർഷം അറുപതിനായിരത്തോളം ഫ്‌ളൈറ്റുകളാണ് ഇവിടെ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. 2023-ഓടെ ഇത് അഞ്ചിരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ എണ്ണം 2023 ൽ 350 ലക്ഷം ആകുമെന്നാണ് പ്രതീക്ഷ.

സിയാലിന്റെ വരുമാനത്തിൽ 30 ശതമാനത്തിലധികം ലഭിക്കുന്നത് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിസ്തൃതി വർധിപ്പിക്കുന്നതോടെ വരുമാനം ഗണ്യമായി വർധിക്കും. സിയാൽ സൗരോർജ ഉത്പാദനത്തിൽ രാജ്യത്തിന് മാതൃകയാണ്. വിമാനത്താവളവും അനുബന്ധ സ്ഥാപനങ്ങളും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമെ ജലവൈദ്യുതി നിലയങ്ങളും ആരംഭിക്കുന്നുണ്ട്. ആദ്യത്തെ പ്രോജക്ടിന്റെ നിർമാണം തുടങ്ങി.