ബാങ്ക് ഓഫ് ബറോഡ നഷ്ടത്തിൽ

Posted on: May 13, 2016

Bank-of-Baroda-Big-a

മുംബൈ : വായ്പാ കുടിശികയ്ക്കായുള്ള ഉയർന്ന വകയിരുത്തലുകൾ മൂലം ബാങ്ക് ഓഫ് ബറോഡ കനത്ത നഷ്ടത്തിൽ. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 3,230 കോടി രൂപയാണ് നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 598.35 കോടി രൂപ അറ്റാദായം നേടിയിരുന്നു. അതേസമയം മൊത്തവരുമാനം 12,057.39 കോടിയിൽ നിന്ന് 12,789.06 കോടിയായി വർധിച്ചു. കഴിഞ്ഞ ധനകാര്യവർഷത്തെ അവസാനത്തെ രണ്ട് ക്വാർട്ടറുകളിലും ബാങ്ക് ഓഫ് ബറോഡ നഷ്ടം രേഖപ്പെടുത്തി. വകയിരുത്തലുകൾ 6,857.66 കോടിയായി വർധിച്ചു.

2015-16 ധനകാര്യവർഷം 5,395.55 കോടി രൂപയാണ് നഷ്ടം. 2014-15 ൽ 3,398.43 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തവരുമാനം 47,365.55 കോടിയിൽ നിന്ന് 49,060.13 കോടിയായി വർധിച്ചു.