ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന പൊതുമേഖലാ ബാങ്ക് എന്ന പദവി സ്വന്തമാക്കി ബാങ്ക് ഓഫ് ബറോഡ

Posted on: June 20, 2023

കൊച്ചി : ഓഹരി വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് എന്ന പദവി സ്വന്തമാക്കി ബാങ്ക് ഒഫ് ബറോഡ. ഓഹരി വില വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 3 ശതമാനം ഉയര്‍ന്ന് 194 രൂപയായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഒഫ് ഇന്ത്യയാണ് ഇതിനു മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്.

എസ്ബിഐ ഓഹരികളുടെ വിപണി മൂല്യം 5.07 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് 28ന് ശേഷം ബാങ്ക്ഒഫ് ബറോഡയുടെ ഓഹരി വില 20 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. മാര്‍ച്ച് 31ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം കാഴ്ചവച്ചിരുന്നു.

ബാങ്കിന്റെ ലാഭം 2021-22 സാമ്പത്തിക വര്‍ഷത്തെ 7,272 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,110 കോടി രൂപയായി ഉയര്‍ന്നു. ജനുവരി-മാര്‍ച്ച്-തൈമാസത്തില്‍ ബാങ്കിന്റെ ലാഭം 168 ശതമാനം വര്‍ധിച്ച് 4,775 കോടി രൂപയുമായി.

ബാങ്കിന്റെ മൊത്തം നിക്ഷേപം 10.47 ലക്ഷം കോടി രൂപയാണ്. വായ്പകള്‍ 7.95 ലക്ഷം കോടി രൂപയുമായി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളിലും കുറവുണ്ടായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ 6.61ശതമാനത്തില്‍ നിന്ന് 3.79 ശതമാനമായി കുറഞ്ഞു. അറ്റനിഷ്‌ക്രിയ ആസ്തി 1.72 ശതമാനത്തില്‍ നിന്ന് 0.89 ശതമാനമായും കുറഞ്ഞു.

TAGS: Bank Of Baroda |