സൗദിയെയും ഈജിപ്തിനെയും ബന്ധിപ്പിച്ച് സൗഹൃദപാലം വരുന്നു

Posted on: April 9, 2016

King-Salman-with-Egyptian-P

കെയ്‌റോ : സൗദി അറേബ്യയെയും ഈജിപ്തിനെയും ബന്ധിപ്പിച്ച് ചെങ്കടലിന് കുറുകെ സൗഹൃദപാലം നിർമ്മിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ഈജിപ്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് പാലം നിർമ്മിക്കുമെന്ന പ്രഖ്യാപനം അദേഹം നടത്തിയത്. ഏഷ്യ-ആഫ്രിക്ക വൻകരകളെ ബന്ധിപ്പിക്കുന്ന പാലം അറബ് ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താ എൽ-സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സൽമാൻ രാജാവ് പറഞ്ഞു.

സൗദിയിലെ റാസ് അൽഷെയ്ഖ് ഹമിദിനെയും ഈജിപ്തിലെ നാബാക്കിനെയും ബന്ധിപ്പിച്ചുള്ള പാലത്തിന് 16 കിലോമീറ്ററാണ് ദൈർഘ്യം. പാലം നിർമാണം ഇരു രാജ്യങ്ങളിലും നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സൽമാൻ രാജാവിന്റെ സന്ദർശനത്തിനിടെ 1.7 ബില്യൺ ഡോളർ മൂല്യം വരുന്ന 17 കരാറുകളാണ് സൗദി അറേബ്യയും ഈജിപ്തും തമ്മിൽ ഒപ്പുവച്ചത്. സീനായിൽ കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റി, കെയ്‌റോയിൽ അൽ- ഐനി പാലസ് ഹോസ്പിറ്റൽ തുടങ്ങിയവയുടെ നിർമാണം സംബന്ധിച്ചും ഇരുരാജ്യങ്ങളും ധാരണയായി. പ്രസിഡന്റ് അബ്ദുൾ ഫത്താ എൽ-സിസി ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ നൈൽ മെഡൽ സൽമാൻ രാജാവിന് സമ്മാനിച്ചു.