ലുലു ഗ്രൂപ്പ് ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകളും 4 മിനി മാർക്കറ്റുകളും തുറക്കും

Posted on: July 29, 2020

അബുദാബി : ലുലു ഗ്രൂപ്പ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകളും 4 മിനി മാർക്കറ്റുകളും ലോജിസ്റ്റിക്‌സ് സെന്ററും തുറക്കുമെന്ന് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ഇതിനായി ലുലു ഗ്രൂപ്പ് 8 ബില്യൺ ഈജിപ്ഷ്യൻ പൗണ്ടിന്റെ (500 ദശലക്ഷം യുഎസ് ഡോളർ) നിക്ഷേപം നടത്തും. ഈജിപ്ത് ഗവൺമെന്റുമായി ചേർന്നാണ് നാല് ഹൈപ്പർമാർക്കറ്റുകൾ നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ച കരാറിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ചിരുന്നു. ഇതിലൂടെ 8000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ 190 ാമത് ഹൈപ്പർമാർക്കറ്റ് കെയ്‌റോയിലെ ഷെറാട്ടൺ ഹെലിയൊപോളിസിലെ ഡിസ്ട്രിക്ട് മാളിൽ കഴിഞ്ഞ ദിവസം തുറന്നു. ഈജിപ്ത ആഭ്യന്തര വ്യാപാര മന്ത്രി ഡോ. അലി മൊസെൽഹി ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര സഹമന്ത്രി ഡോ. ഇബ്രാഹിം അഷ്മാവി, യുഎഇ നയന്ത്രകാര്യാലയത്തിലെ ഫസ്റ്റ് സെക്രട്ടറി റാഷിദ് അബ്ദുള്ള അൽസോയി, ഇന്ത്യ എംബസിയിലെ സെക്കൻഡ് സെക്രട്ടറി നഹാസ് അലി തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഗ്രൂപ്പിന്റെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിന്റെ ഭാഗമായി.