മൊബൈൽ വിപണിയിൽ സ്വദേശിവത്കരണവുമായി സൗദി

Posted on: March 9, 2016

Saudi-Mobile-phone-Industry

ജിദ്ദ : സൗദി അറേബ്യ മൊബൈൽ ഫോൺ വിപണിയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുന്നു. വില്പന, മെയിന്റനൻസ്, അക്‌സസറീസ് തുടങ്ങി മൊബൈൽ ഫോണുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും സെപ്റ്റംബർ മൂന്നിന് മുമ്പ് സ്വദേശിവത്കരണം ബാധകമാക്കുമെന്ന് സൗദി തൊഴിൽ മന്ത്രി മുഫ്‌റെജ് അൽ ഹക്കാബാനി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ 50 ശതമാനവും ആറ് മാസത്തിനുള്ളിൽ 100 ശതമാനവും സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് മൊബൈൽ ഫോൺ കമ്പനികൾക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു. തൊഴിൽമന്ത്രാലയത്തിന്റെ തീരുമാനം ഇന്ത്യക്കാർ ഉൾപ്പടെ ആയിരകണക്കിന് വിദേശികൾക്ക് തൊഴിൽനഷ്ടപ്പെടാനിടയാക്കും.

സൗദി പൗരൻമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നത്. ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട്, ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് കോർപറേഷൻ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സൗദി പൗരൻമാർക്ക് പരിശീലനം നൽകും. പുതിയ നിയമം ലംഘിക്കുന്നവർക്കുമേൽ കനത്ത പിഴ ചുമത്തുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.