വികസനത്തിന് ഊന്നൽ നൽകി കേരള ബജറ്റ്

Posted on: February 12, 2016

Oommen-Chandy-2016-Big

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകി കേരളത്തിൽ 24,000 കോടി രൂപയുടെ വാർഷിക പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. 6534 കോടിയുടെ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു. അടിസ്ഥാനസൗകര്യ വികസനം, വ്യവസായം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങി മേഖലകൾക്ക് ബജറ്റിൽ മുന്തിയ പരിഗണന നൽകി. എല്ലാവർക്കും കാർഷികാദായ നികുതി ഇളവ് നൽകി.

നികുതികൾ

പോളി പ്രൊപ്പിലിൻ ബാഗുകളുടെ നികുതി 20 ശതമാനമായി വർധിപ്പിച്ചു. പ്ലാസ്റ്റിക് കുപ്പിയിലെ സോഡ, ശീതളപാനിയങ്ങൾക്ക് നികുതി വർധിപ്പിച്ചു.

ഓട്ടോമാറ്റിക് റോബോട്ടിക് കാർപാർക്കിംഗിനുള്ള നികുതി 14 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. പച്ചക്കറിയിലെ കീടനാശിനി ഒഴിവാക്കുന്ന ദ്രാവകത്തിനു നികുതി ഒഴിവാക്കി. പൂച്ചട്ടികൾക്കും കളിമൺ പാത്രങ്ങൾക്കും നികുതിയില്ല.

കൈത്തറി ഉത്പാദക സംഘങ്ങൾക്ക് വാറ്റ് തിരിച്ചുനൽകും. രജിസ്‌ട്രേഷൻ അണ്ടർ വാല്യുവേഷൻ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കും. വാണിജ്യ നികുതി വകുപ്പ് പുനസംഘടിപ്പിക്കും.

വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി

വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി രൂപ ബജറ്റിൽ വകയിരുത്തി. സംസ്ഥാനത്തെ 100 സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 10 കോളജുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തും. 100 വർഷം പൂർത്തിയാക്കി എയ്ഡഡ് കോളജുകൾക്ക് ഒരു പുതിയ കോഴ്‌സ് അനുവദിക്കും. കൊച്ചി മഹാരാജാസ് കോളജിൽ ഡിജിറ്റലൈസേഷൻ മൂന്ന് കോടി രൂപ വകയിരുത്തി.

കൃത്യമായി വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നവർക്ക് രണ്ട് മാസത്തെ തുക സർക്കാർ നൽകും. ഹോമിയോ വിദ്യാഭ്യാസത്തിനായി 19.81 കോടി. ഹരിപ്പാട് നേഴ്‌സിംഗ് കോളജ് ആരംഭിക്കും.

പൊതുജനാരോഗ്യ മേഖലയ്ക്ക് 1013 കോടി രൂപ

പൊതുജനാരോഗ്യ മേഖലയ്ക്ക് 1053 കോടി രൂപ ബജറ്റിൽ വകയിരുത്തി. തിരുവനന്തപുരം കാൻസർ സെന്ററിന് 59.3 കോടി രൂപ. കൊച്ചി കാൻസർ സെന്ററിന് 20 കോടി രൂപ. പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ 100 കോടി രൂപ. വയനാട്, കാസർഗോഡ് മെഡിക്കൽ കോളജുകൾക്ക് കെട്ടിടം നിർമ്മിക്കും. കേരള ശുചിത്വ മിഷന് 26 കോടി രൂപ.

കാർഷിക മേഖലയ്ക്ക് 764.21

കാർഷിക മേഖലയ്ക്കായി 764.21 കോടി രൂപ വകയിരുത്തി. സുസ്ഥിര നെൽകൃഷി വികസനം 35 കോടി. നാളികേര വികസനത്തിന് 26 കോടി രൂപ. റബർ വില സ്ഥിരതാ ഫണ്ടിന് 500 കോടി രൂപ ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 300 കോടി ഉൾപ്പെടയാണിത്. കിലോയ്ക്ക് 150 രൂപ നിരക്കിൽ റബർ സംഭരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏലം കർഷകർക്ക് രണ്ട് ശതമാനം നികുതി ഒഴിവ്.

മത്സ്യമേഖലയ്ക്ക് 169.3 കോടി രൂപ. കുടുംബശ്രീക്ക് 130 കോടി രൂപ. ശുചിത്വ കേരളം പദ്ധതിക്ക് 26 കോടി രൂപ. എംഎൽഎ വികസന ഫണ്ടിന് 141 കോടി രൂപ. കാസർഗോഡ് പാക്കേജ് നടപ്പാക്കാൻ 87.98 കോടി രൂപയും വയനാട് പാക്കേജിന് 19 കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തി.

ഐടി മേഖലയ്ക്ക് 458.82 കോടി രൂപ

കേരളത്തിലെ ഐടി വികസനത്തിന് 458.82 രൂപ ബജറ്റിൽ വകയിരുത്തി. കൊച്ചി ഇൻഫോപാർക്കിന് 61.6 കോടി രൂപ. ഐടി ഇൻകുബേഷൻ സെന്ററുകൾ 60 കോടി രൂപ. തിരുവനന്തപുരം ടെക്‌നോപാർക്കിന് 7 കോടി രൂപ. സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ 2 കോടി രൂപ.

സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് രണ്ട് കോടി രൂപയും സീഡ്ഫണ്ടിനായി രണ്ട് കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഫുട് വെയർ പാർക്കിന് 8 കോടി രൂപ. ആമ്പല്ലൂർ ഇലക് ട്രോണിക്‌സ് പാർക്കിന് 10 കോടി രൂപ. എല്ലാ ജില്ലകളിലും വ്യവസായ വികസന ശാലകൾ സ്ഥാപിക്കാൻ 20 കോടി രൂപ. യുവസംരംഭകരെ സഹായിക്കാൻ 12 കോടി രൂപ.

അതിവേഗ റെയിൽവേ ഇടനാഴി

തിരുവനന്തപുരം – കാസർഗോഡ് അതിവേഗ റെയിൽവേ ഇടനാഴി സ്ഥാപിക്കാൻ ബജറ്റിൽ ടോക്കൺ തുക വകയിരുത്തി. പദ്ധതി സംബന്ധിച്ച് ഡിഎംആർസി തയാറാക്കിയ ടേംസ് ഓഫ് റഫറൻസ് ഗവൺമെന്റ് അംഗീകരിച്ചു. വിഴിഞ്ഞം പദ്ധതിക്ക് ടോക്കൺ തുക വകയിരുത്തി. തുറമുഖ വികസനത്തിന് 76 കോടി രൂപ നീക്കിവച്ചു.

കേരളത്തിലെ റോഡ് – പാലം വികസനത്തിനായി 1206 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഹൈവേ വികസനത്തിന് 25 കോടി രൂപ. ശബരിമല – കളമശേരി പാതയ്ക്ക് 16 കോടി രൂപ.

പാലാ – ഏറ്റുമാനൂർ റോഡ് നാല് വരി പാതയായി വികസിപ്പിക്കും. കൊച്ചിയിൽ സിഎൻജി ബസ് സർവീസ് ആരംഭിക്കാൻ 19.6 കോടി രൂപ വകയിരുത്തി. അന്തർ സംസ്ഥാന സർവീസുകൾക്ക് ആധുനിക ബസുകൾ വാങ്ങും.

കേരള എയർ സർവീസിന് 10 കോടി

കേരള എയർ സർവീസിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഗുരുവായൂർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ ഹെലിപാഡ് നിർമാണത്തിന് 10 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7.5 കോടി രൂപ. കേന്ദ്രവുമായി ചേർന്ന് വിനോദസഞ്ചാര മേഖലയിൽ 24 പദ്ധതികൾ നടപ്പാക്കാൻ 311.57 കോടി രൂപ നീക്കിവച്ചു. കേന്ദ്ര ഗവൺമെന്റ് അനുമതി ലഭിക്കുന്ന മുറയ്ക്ക് എയർ കേരള സർവീസ് ആരംഭിക്കും. തിരുവനന്തപുരം ഗ്ലോബൽ ആയുർവേദ വില്ലേജിന് 7.5 കോടി രൂപ.

കെഎസ്ഇബിക്ക് 1622.7 കോടി രൂപ

കെഎസ്ഇബിക്ക് ബജറ്റിൽ 1622.7 കോടി രൂപ വകയിരുത്തി. അനെർട്ടിന് 43.88 കോടി രൂപ നീക്കിവച്ചു. എൽഇഡി ബൾബുകളുടെ വിതരണത്തിന് 150 കോടി രൂപ വകയിരുത്തി. 9 വാട്ടിന്റെ രണ്ട് ബൾബുകൾ വീതം ഓരോ വീട്ടിലും വിതരണം ചെയ്യും.

ജലസേചന മേഖലയ്ക്ക് 491.47 കോടി രൂപ

ലസേചന മേഖലയ്ക്ക് ബജറ്റിൽ 491.47 കോടി രൂപ വകയിരുത്തി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ 100 കോടി രൂപ നീക്കിവച്ചു. നദീതട വികസന അഥോറിട്ടി രൂപീകരിക്കാൻ രണ്ട് കോടി രൂപ.

ഗ്രാമവികസനത്തിന് 4,507 കോടി

ഗ്രാമവികസനത്തിന് സംസ്ഥാന ബജറ്റിൽ 4,507 കോടി രൂപ വകയിരുത്തി. തീരദേശ വികസനത്തിന് സമഗ്ര പദ്ധതി തയാറാക്കും. പെൻഷൻകാർക്ക് നൂതന ഇൻഷുറൻസ് നടപ്പാക്കും.