സാമൂഹ്യക്ഷേമത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നൽ

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : സാമൂഹ്യക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന നൽകി പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മേഖലകൾക്കുള്ള വകയിരുത്തലുകളും ക്ഷേമ പെൻഷനുകൾ പ്രതിമാസം 1000 രൂപയായും വർധിപ്പിച്ചു. 20,000 കോടി രൂപയുടെ സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജാണ് ബജറ്റിന്റെ പ്രധാന ഹൈലൈറ്റ്. സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും ബജറ്റിന്റെ 10 ശതമാനം നീക്കിവെച്ചു. സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. അഞ്ച് വർഷത്തേക്ക് വെള്ളക്കരം കൂട്ടില്ല. ആരോഗ്യവകുപ്പിൽ ഒഴികെ രണ്ട് വർഷത്തേക്ക് പുതിയ നിയമനങ്ങളില്ല. ബ്രിട്ടണിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ മാതൃകയിൽ ആരോഗ്യവകുപ്പിനെ അടിമുടി പരിഷ്‌കരിക്കും.

നടപ്പ് സാമ്പത്തിക വർഷം 25 ശതമാനം നികുതി വർധനയാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. വാണിജ്യ നികുതിവകുപ്പ് പരിഷ്‌കരിക്കും. മൂന്ന് വർഷത്തിനുള്ളിൽ ചെക്ക് പോസ്റ്റുകൾ ഡാറ്റാ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളാക്കും. വരുമാന വർധന ലക്ഷ്യമിട്ട് ബർഗർ, പിസ തുടങ്ങിയവയ്ക്ക് ബജറ്റിൽ 14 ശതമാനം നികുതി ഏർപ്പെടുത്തി. പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ പാത്രങ്ങളുടെ നികുതി 20 ശതമാനമാക്കി. ഗോതമ്പ് ഉത്പന്നങ്ങൾ, വെളിച്ചെണ്ണ, ബസുമതി അരി എന്നിവയുടെ വിലകൂടും. തുണിത്തരങ്ങൾക്ക് 2 ശതമാനം നികുതി കൂട്ടി. ടൂറിസ്റ്റ് ബസുകൾക്ക് അധികനികുതി. പത്ത് വർഷത്തിന് മേൽ പഴക്കമുള്ള ചരക്ക് വാഹനങ്ങൾക്ക് ഹരിത നികുതിയും ഏർപ്പെടുത്തി.

അടിസ്ഥാസൗകര്യ വികസനം

റോഡുകളും പാലങ്ങളും ഉൾപ്പടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഗണ്യമായ വകയിരുത്തലുകളാണ് നടത്തിയിട്ടുള്ളത്. 137 റോഡുകളുടെ നിർമാണത്തിന് 2,800 കോടി രൂപ നീക്കിവെച്ചു. 68 പാലങ്ങൾ നിർമ്മിക്കാൻ 1475 കോടി രൂപ. 17 ബൈപാസുകൾക്ക് 387 കോടി രൂപ. 14 റെയിൽവേ മേൽപ്പാലങ്ങൾക്കായി 295 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈസ്പീഡ് റെയിൽവേ നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം തന്നെ സാധ്യതാ പഠനം പൂർത്തിയാക്കി. ശബരി റെയിൽവേ പാതയ്ക്കായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

വ്യവസായം

വ്യവസായപാർക്കുകൾക്കായി സമഗ്ര പദ്ധതി നടപ്പാക്കും. ഭൂമി ഏറ്റെടുക്കൽ വിലങ്ങുതടിയാകില്ല. 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 5,100 കോടി രൂപ. ഫാക്ടിന്റെയും പെരുമ്പാവൂർ റയോൺസിന്റെയും അധിക ഭൂമി ഏറ്റെടുക്കും.

കൊച്ചി-പാലക്കാട് – കോയമ്പത്തൂർ വ്യവസായ ഇടനാഴി. ഈ പദ്ധതിക്കായി എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 1500 ഏക്കർ ഭൂമി ഏറ്റെടുക്കും.

ഐടി / സ്റ്റാർട്ടപ്പുകൾ

അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1500 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വികസിപ്പിക്കാൻ ഊന്നൽ. ഐടി പാർക്കുകളുടെ വികസനത്തിന് ബജറ്റിൽ 1325 കോടി രൂപ വകയിരുത്തി.

ഗതാഗതം

ജലഗതാഗത വികസനത്തിന് 400 കോടി രൂപ വകയിരുത്തി. കെഎസ്ആർടിസി ബസുകൾ അഞ്ചു വർഷത്തിനുള്ളിൽ പൂർണമായും സിഎൻജിയിലേക്ക് മാറും. 300 കോടി രൂപ ചെലവിൽ 1000 സിഎൻജി ബസുകൾ പുറത്തിറക്കും.

ടൂറിസം

ടൂറിസം രംഗത്ത് നാല് ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കും. ആഡംബര ഹോട്ടൽ മുറികളുടെ വാടക കുറയും.