ആരാംകോ പബ്ലിക്ക് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: January 9, 2016

Saudi-Aramco-Big

റിയാദ് : എണ്ണവിലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോ പബ്ലിക്ക് ഇഷ്യു നടത്താനുള്ള സാധ്യതകൾ ആരായുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് സൗദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ലണ്ടനിലെ ദി ഇക്‌ണോമിസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ക്രൂഡോയിൽ വില 2014 ലെ 100 ഡോളറിൽ നിന്ന് 32 ഡോളറിലേക്ക് താഴ്ന്ന സാഹചര്യത്തിൽ വലിയ ധനക്കമ്മിയാണ് സൗദി അറേബ്യ നേരിടുന്നത്. ഇതേതുടർന്നാണ് സൗദി ബജറ്റിൽ ഇന്ധന, വൈദ്യതി, ജല നിരക്കുകളിൽ വർധന പ്രഖ്യാപിച്ചത്.

സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ കഴിഞ്ഞവർഷം മുതൽ സൗദി അറേബ്യ മൂലധനവിപണിയെ കൂടുതൽ സ്വതന്ത്രമാക്കി തുടങ്ങിയിരുന്നു. ആദ്യപടിയായി സൗദി അറേബ്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഇടപെടാൻ വിദേശ ബാങ്കുകൾ, ബ്രോക്കറേജ് ഹൗസുകൾ, ഫണ്ട് മാനേജർമാർ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്ക് അനുമതി നൽകി. 2014 ൽ സൗദിയിലെ നാഷണൽ കമേർഷ്യൽ ബാങ്ക് 6 ബില്യൺ ഡോളറിന്റെ മൂലധനസമാഹരണം നടത്തി. ആരാംകോയുടെ വിപണി പ്രവേശം നിർണായക ചുവടുവെയ്പ്പായിരിക്കുമെന്നാണ് മിഡിൽഈസ്റ്റിൽ മെർച്ചന്റ് ബാങ്കർമാർ വിലയിരുത്തുന്നത്.