ആരാംകോ ഓഹരി വിപണിയില്‍

Posted on: December 7, 2019

റിയാദ് : സൗദി അറബ്യന്‍ എണ്ണക്കമ്പനി ആരാംകോ 2560 കോടി ഡോളർ  ലോകത്തെ ഏറ്റവും വലിയ  ഓഹരി വില്‍പന  പൂർത്തിയാക്കി. ഓഹരി ഒന്നിന്  32 റിയാല്‍ (ഏകദേശം 608 രൂപ) നിരക്കിലാണ്  300 കോടി ഓഹരികള്‍ വില്പന നടത്തിയത്. ഇതോടെ വിപണിമൂല്യത്തിലും (1.7 ലക്ഷം കോടി ഡോളര്‍) കമ്പനി ലോകത്ത് ഒന്നാമത് എത്തി.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍ നേരത്തെ പ്രഖ്യാപിച്ച 2 ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കമ്പനിക്ക് ആയിട്ടില്ല. പ്രാദേശിക, രാജ്യാന്തര വിപണിയില്‍ 5 ശതമാനം ഓഹരി വില്‍പനയിലൂടെ 10,000 കോടി ഡോളര്‍ സമാഹരിക്കാനാണു പദ്ധതി.  ആദ്യഘട്ടമാണ് 1.5  ശതമാനം വില്‍പനയ്ക്കുവച്ചത്. എന്നാല്‍ വിദേശ നിക്ഷേപകര്‍ വലിയ താല്‍പര്യം കാട്ടാതിരുന്ന ഐപിഒയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് സൗദിക്കാരാണ്. ബാങ്ക് വായ്പ ലഭ്യമാക്കി ഓഹരികൾ വാങ്ങാൻ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഉയര്‍ന്ന ലാഭവിഹിതം, ബോണസ് ഓഹരികള്‍ തുടങ്ങിയ വാഗാദാനങ്ങള്‍ ആരാംകോയും മുന്നോട്ടുവച്ചു.