ഇൻഡിഗോ ഐപിഒ : അടുത്തയാഴ്ച പ്രോസ്‌പെക്ടസ് സമർപ്പിക്കും

Posted on: June 27, 2015

Indigo-Airlines-big

മുംബൈ : എയർലൈൻ കമ്പനിയായ ഇൻഡിഗോ ഇനീഷ്യൽ പബ്ലിക് ഓഫറിനുള്ള പ്രോസ്‌പെക്ടസ് അടുത്തയാഴ്ച സെബിക്കു സമർപ്പിക്കും. 400 മില്യൺ ഡോളർ (2545 കോടി രൂപ) സമാഹരിക്കാനാണ് ഇൻഡിഗോ ഒരുങ്ങുന്നത്. ഓഗസ്റ്റിൽ സെബിയുടെ അനുമതി ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വിപണി സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ വർഷം തന്നെ ഇഷ്യു നടത്താനാണ് ഹോൾഡിംഗ് കമ്പനിയായ ഇന്റർ ഗ്ലോബിന്റെ തീരുമാനം.

രാഹുൽ ഭാട്യയും യുഎസ് എയർവേസിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് രാകേഷ് ഗാങ്ങ്‌വാളും ചേർന്നാണ് 2006 ൽ ഇൻഡിഗോ എയർലൈൻസിന് തുടക്കം കുറിച്ചത്. ഇന്റർഗ്ലോബ് ഏവിയേഷനിൽ രാകേഷ് ഗാങ്ങ്‌വാളിന് 48 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. കഴിഞ്ഞ ഒക്‌ടോബറിൽ ഇൻഡിഗോ 250 എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. നേരത്തെ 200 എയർബസ് എ 320 വിമാനങ്ങൾക്കും ഓർഡർ നൽകിയിരുന്നു. ഇതിൽ 100 വിമാനങ്ങൾ ഡെലിവറി ലഭിച്ചു.