രാഹുൽ ഭാട്യ വിർജിൻ ഓസ്‌ട്രേലിയയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു

Posted on: May 13, 2020

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ മുഖ്യ പ്രമോട്ടറായ രാഹുൽ ഭാട്യ ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ വിർജിൻ ഓസ്‌ട്രേലിയയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ വിർജിൻ ഓസ്‌ട്രേലിയ വായ്പ കുടിശികയെ തുടർന്ന് പാപ്പരത്ത നടപടികൾ നേരിടുകയാണ്. ഏകദേശം 540 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ കടബാധ്യതകളാണ് വിർജിൻ ഓസ്‌ട്രേലിയയ്ക്കുള്ളത്. രാഹുൽ ഭാട്യയുടെ ഇന്റർഗ്ലോബ് ഏവിയേഷൻ ആണ് ഇൻഡിഗോ എയർലൈൻസിന്റെ ഉടമകൾ.

റിച്ചാർഡ് ബ്രാൻസൺന്റെ വിർജിൻ ഗ്രൂപ്പ് 2000 ൽ ആണ് ഓസ്‌ട്രേലിയൻ വ്യോമയാനരംഗത്തേക്ക് പ്രവേശിച്ചത്. ന്യൂസിലാൻഡിലെ പസഫിക് ബ്ലു, വി ഓസ്‌ട്രേലിയ എന്നീ വിമാനക്കമ്പനികൾ 2011 ൽ വിർജിൻ ഓസ്‌ട്രേലിയ എന്ന ബ്രാൻഡിലേക്ക് മാറിയത്. സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമായ ടൈഗർ എയർ വിർജിൻ ഓസ്‌ട്രേലിയയിൽ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്. വിർജിൻ ഓസ്‌ട്രേലിയ ഏറ്റെടുക്കാനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്.

വിർജിൻ ഓസ്‌ട്രേലിയയുടെ ആസ്തി-ബാധ്യതകൾ പരിശോധിക്കാൻ ഓസ്‌ട്രേലിയൻ കൺസൾട്ടിംഗ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ രാഹുൽ ഭാട്യയയുടെ നിക്ഷേപ സ്ഥാപനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയോ ഇന്റർഗ്ലോബ് ഏവിയേഷനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.