ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപത്തില്‍ പരിശോധന കര്‍ശനമാക്കി സെബി

Posted on: April 17, 2020

മുംബൈ : ഇന്ത്യന്‍ ഓഹരിവിപണിയില്‍ ചൈനീസ് നിക്ഷേപസ്ഥാപനങ്ങളുടെ നിക്ഷേപം സംബന്ധിച്ച് പരിശോധന കര്‍ശനമാക്കി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള നിക്ഷേപങ്ങളില്‍ പരിശോധനവേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നടപടി.

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവിധ നിക്ഷേപക സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇന്ത്യയിലെ സാമ്പത്തിക സേവനമേഖലയിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. മാര്‍ച്ച് പാദത്തില്‍ എച്ച്. ഡി. എഫ്. സി. ലിമിറ്റഡില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതാണ് സംശയങ്ങള്‍ക്ക് ബലം കൂട്ടിയിരിക്കുന്നത്. 0.8 ശതമാനത്തില്‍ നിന്ന് 1.01 ശതമാനമായാണ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണികളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്. പ്രധാനപ്പെട്ട് പല കമ്പനികളുടെയും ഓഹരിവില കുത്തനെ കുറഞ്ഞു. ഈ സാഹചര്യം മുതലാക്കി കുറഞ്ഞവിലയില്‍ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ചൈനീസ് ഫണ്ടുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളും ശ്രമിക്കുന്നതായി വിപണിയില്‍ സംസാരമുണ്ട്. ബാങ്ക് ഓഫ് ചൈന, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക്, ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കുമാത്രമായി ഇന്ത്യയില്‍ 400 കോടി ഡോളറിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനിയില്‍ പത്തുശതമാനത്തിലധികം ഓഹരികള്‍ വാങ്ങാന്‍ കഴിയില്ല. എന്നാല്‍ വിവിധ ഫണ്ടുകളും സ്ഥാപനങ്ങളും വഴി ഈ പരിധി ലംഘിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ഇന്ത്യയിലെ അരഡസനോളം കമ്പനികളില്‍ ഇത്തരം നിക്ഷേപം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. വിവിധ ഫണ്ടുകള്‍ ചേര്‍ന്ന് ഓഹരികള്‍ വാങ്ങുമ്പോള്‍ പത്തുശതമാനമെന്ന പരിധി കണക്കില്‍വരില്ല. എന്നാല്‍ ആത്യന്തികമായി ഇതിന്റെ ഉടമസ്ഥാവകാശവും നേട്ടവും ചൈനീസ് സര്‍ക്കാരില്‍ നിക്ഷിപ്തമാകും. നിയന്ത്രണവും അവിടേക്കുപോകുമെന്ന ആശങ്കകളുണ്ട്.

ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നുള്ള വിവിധ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള നിക്ഷേപം ഇതുവരെ നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഏതെല്ലാം കമ്പനികളില്‍ നിക്ഷേപം നടന്നുട്ടുണ്ടെന്ന് വ്യക്തതയില്ല. ചൈനീസ് സര്‍ക്കാരിനു കീഴില്‍ 20 മുതല്‍ 30 വരെ രജിസ്റ്റര്‍ചെയ്ത വിദേശ നിക്ഷേപക സ്ഥാപനങ്ങളുള്ളതായാണ് കണക്ക്.

TAGS: Sebi |