എയര്‍ ഇന്ത്യ എക്സ്പ്രസ് ഗോവയില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു

Posted on: March 28, 2023

കൊച്ചി : ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആഴ്ചയില്‍ നാല് ഡയറക്ട് ഫ്‌ലൈറ്റുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഗോവ-ദുബായ് സെക്ടറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആദ്യ വിമാനം, ഐഎക്‌സ് 840, തിങ്കളാഴ്ച പുലര്‍ച്ചെ 1:00 ന് ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് (ദാബോലിം എയര്‍പോര്‍ട്ട്) 148 യാത്രക്കാരുമായി പുറപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാനറിന് കീഴില്‍ ഞങ്ങളുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.

ഗോവയില്‍ നിന്ന് ദുബായിലേക്ക് നേരിട്ട് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിക്കാന്‍ ഒരുങ്ങുന്ന എയര്‍ഏഷ്യ ഇന്ത്യ, അഞ്ച് ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിലേക്കും ഗോവയില്‍ നിന്നുമായി ദിവസേന 13 ഡയറക്ട് ഫ്‌ലൈറ്റുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ടൂറിസം വിജയഗാഥയുടെ ഭാഗമാകുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.