കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Posted on: April 10, 2024

കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്നും അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ ആഭ്യന്തര- വിദേശ സര്‍വീസുകള്‍ നടത്തുന്നത്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ലീറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്.

2023നെ അപേക്ഷിച്ച് കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആഴ്ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 93 ല്‍ നിന്ന് 104 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ അബുദാബി, ബഹ്റൈന്‍, ദമാം, ദോഹ, ദുബായ്, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ, സലാല എന്നീ 9 കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുണ്ട്. കൂടാതെ ഹൈദരാബാദിലേക്കും കോല്‍ക്കത്തയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. ചെന്നൈ, മുംബൈ, പൂണെ, അമൃത്സര്‍, അയോധ്യ, ഭുവനേശ്വര്‍, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ബാഗ്ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്പൂര്‍, ലഖ്നൗ, സൂറത്ത്, ശ്രീനഗര്‍, വിജയവാഡ, വിശാഖപട്ടണം, വാരാണസി, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വണ്‍ സ്റ്റോപ് സര്‍വീസുകളും ലഭ്യമാണ്.

2023നെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ആഴ്ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 77ല്‍ നിന്ന് 87 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ പുതുതായി ആരംഭിച്ച ബംഗളൂരു സര്‍വീസും എണ്ണം വര്‍ധിപ്പിച്ച റാസല്‍ ഖൈമ, ദമാം സര്‍വീസുകളും ഉള്‍പ്പെടുന്നു.

കോഴിക്കോട് നിന്നും അല്‍ ഐന്‍, അബുദാബി, ബഹ്റൈന്‍, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്‌കറ്റ്, റാസല്‍ ഖൈമ, റിയാദ്, ഷാര്‍ജ, സലാല എന്നിങ്ങനെ ഗള്‍ഫ് മേഖലയിലെ 13 കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍. കൂടാതെ കോഴിക്കോട് നിന്നും മംഗളൂരു, മുംബൈ, പുണെ, ഗോവ, ഹൈദരാബാദ്, ഗ്വാളിയര്‍, കോല്‍ക്കത്ത, വാരണാസി, ലഖ്നൗ, ബാഗ്ഡോഗ്ര എന്നിവിടങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളും ലഭ്യമാണ്.

കണ്ണൂരില്‍ നിന്നും 12 അധിക സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ, ബെംഗളൂരു എന്നിവയാണ് പുതിയ റൂട്ടുകള്‍.

തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം 35 എന്നത് 63 ആയി ഉയര്‍ന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടി. അബുദാബി, ബഹ്റൈന്‍, ബെംഗളൂരു, കൊച്ചി, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്നുണ്ട്. അമൃത്സര്‍, അയോധ്യ, ഭുവനേശ്വര്‍, ബാഗ്ഡോഗ്ര, ചെന്നൈ, ഡെല്‍ഹി, കൊല്‍ക്കത്ത, കണ്ണൂര്‍, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ജയ്പൂര്‍, ജിദ്ദ, ലഖ്നൗ, മംഗളൂരു, മുംബൈ, പൂണെ, റാഞ്ചി, റിയാദ്, സലാല, സൂറത്ത്, വിജയവാഡ, വിശാഖപട്ടണം, വാരാണസി എന്നിവിടങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളും ലഭ്യമാണ്.

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രം സര്‍വീസ് നടത്തുന്ന 14 റൂട്ടുകളും മറ്റൊരു ഇന്ത്യന്‍ എയര്‍ലൈനും സര്‍വീസ് നടത്താത്ത 15 റൂട്ടുകളും ഉള്‍പ്പടെ 38 കേന്ദ്രങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്.