എയർ ഇന്ത്യ എക്‌സ്പ്രസിന് 10 വയസ്സ്

Posted on: April 29, 2015

AirIndia-Express-Anniversar

കൊച്ചി : ഗൾഫ് മലയാളികൾക്ക് ചെലവ്കുറഞ്ഞ വിമാനയാത്ര സൗകര്യം ഒരുക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് സേവനം തുടങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. പതിറ്റാണ്ടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി ഭാഗ്യവാൻമാരായ 50 വിമാനയാത്രികർക്ക് സൗജന്യ ടിക്കറ്റുകൾ നൽകും. ഇന്നുമുതൽ മെയ് എട്ട് വരെയുളള 10 ദിവസത്തെ വിമാനയാത്രികരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് 50 പേരെ കണ്ടെത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകൾ വിമാനയാത്രക്കിടെയിൽ തന്നെ പ്രഖ്യാപിക്കും.

ഭാഗ്യശാലികൾക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസ് പരിധിയിലുളള ഏത് സ്ഥലത്തേക്കും പോയി വരുന്നതിനുളള രാജ്യാന്തരയാത്രടിക്കറ്റുകൾ (റൗണ്ട് ട്രിപ്പ്്) നൽകും. മെയ് 31 വരെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറുന്നവരുടെ സൗജന്യ ബാഗേജ് പരിധി 30 കിലോഗ്രാമായി കൂട്ടിയിട്ടുണ്ട്. പുതിയ ബുക്കിംഗുകൾക്ക് പുറമേ മുൻപ് ബുക്ക് ചെയ്ത യാത്രക്കാർക്കും ഈ ആനുകൂല്യം കിട്ടും.

ആഘോഷങ്ങളുടെ ഭാഗമായി, തിരുവനന്തപുരത്തെ അനാഥാലയങ്ങളിൽ നിന്നുളള 200 കുട്ടികൾക്ക് മേയ് 6നു എയർ ഇന്ത്യ എക്‌സ്പ്രസ് ഹാങ്ങറിൽ പാർക്ക് ചെയ്തിട്ടുള്ള വിമാനം കാണാൻ അവസരം ഒരുക്കുന്നുണ്ട്.

പത്തു വർഷം മുമ്പ് മൂന്ന് വാടക വിമാനങ്ങളുമായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രവർത്തനം തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫിലെ 6 കേന്ദ്രങ്ങളിലേക്കായിരുന്നു ആദ്യകാല സർവീസുകൾ. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കുകളിൽ വിമാനടിക്കറ്റുകൾ നൽകിയതോടെ കമ്പനിയുടെ വളർച്ച വേഗത്തിലായി. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് നിലവിൽ രാജ്യത്തെ 11 നഗരങ്ങളിൽ നിന്ന് 12 രാജ്യാന്തര എയർപോർട്ടുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

പതിനേഴ് അത്യാധുനിക ബോയിംഗ് 737-800 എൻ.ജി വിമാനങ്ങൾ കമ്പനിക്ക് സ്വന്തമായുണ്ട്. പ്രവർത്തനം ആരംഭിച്ചിട്ട് ഇതാദ്യമായി 2015 സാമ്പത്തിക വർഷം എയർ ഇന്ത്യ എക്‌സ്പ്രസ് അറ്റാദായം രേഖപ്പെടുത്തും. പിന്നിട്ട സാമ്പത്തിക വർഷം എക്‌സ്പ്രസ് യാത്രക്കാരുടെ എണ്ണം 13.8 % വർധിച്ച 3.10 ദശലക്ഷമായി ഉയർന്നിരുന്നു. അതോടൊപ്പം കമ്പനിയുടെ പ്രവർത്തനാദായം 10 % വർധിച്ച് 2600 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷം 200 കോടി രൂപയുടെ ആദായ വർധനവാണ് ലക്ഷ്യം.

അടുത്തവർഷം എയർ ഇന്ത്യ എക്‌സ്പ്രസ് എട്ട് പുതിയ വിമാനങ്ങൾ കൂടി കരാർ അടിസ്ഥാനത്തിൽ എടുക്കാനുദ്ദേശിക്കുന്നുണ്ട്. ഈ വിമാനങ്ങളുടെ വരവോടെ നിലവിലുളള കേന്ദ്രങ്ങളിലെ സർവീസുകൾ കൂട്ടാനും രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിൽ നിന്നുകൂടി അന്താരാഷ്ട്രാ വിമാനസർവീസുകൾ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.