ചെക്ക്-ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Posted on: February 21, 2024

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ചു. എയര്‍ ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ബുക്ക് ചെയ്യാം. ചെക്ക് ഇന്‍ ബാഗേജുകളില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാധാരണ നിരക്കിനെക്കാള്‍ കുറവാണ് എക്‌സ്പ്രസ് ലൈറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നത്. എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും ക്യൂ നില്ക്കുന്നതും ഒഴിവാക്കാം. കൂടാതെ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് അലവന്‍സും ലഭിക്കും.

യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ അധികമായി മൂന്നു കിലോ കാബിന്‍ ബാഗേജ് കൂടി പ്രീ ബുക്ക് ചെയ്യാം. ഏഴു കിലോയുടെ സ്റ്റാന്‍ഡേര്‍ഡ് കാബിന്‍ ബാഗേജ് അലവന്‍സിനു പുറമേയാണിത്. വെബ് സൈറ്റിലോ മൊബൈല്‍ ആപ്പിലോ ബുക്ക് ചെയ്യുന്ന സമയം മാനേജ് അല്ലെങ്കില്‍ ചെക്ക്-ഇന്‍ സെക്ഷനുകളില്‍ ഇതു സാധ്യമാണ്. എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തശേഷം ചെക്ക് ഇന്‍ ബാഗേജ് സേവനം പിന്നീട് ആവശ്യമായി വന്നാല്‍ അവര്‍ക്ക് 15 കിലോ അല്ലെങ്കില്‍ 20 കിലോ അധിക ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിമാനത്താവളത്തിലെ എയര്‍ ലൈനിന്റെ കൗണ്ടറുകളില്‍ നിന്നും ഈ ചെക്ക് ഇന്‍ ബാഗേജ് സേവനങ്ങള്‍ ലഭ്യമാണ്.

എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളുടെ പ്രഖ്യാപനം ഒരു പുതിയ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള രീതിയാണ് എക്‌സ്പ്രസ് ലൈറ്റിലൂടെ അവതരിപ്പിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്ര വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങളുടെ സമര്‍പ്പണത്തെ അടിവരയിടുന്നതാണിത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആഭ്യന്തര, അന്തര്‍ദേശീയ നെറ്റ്‌വര്‍ക്കുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ക്ക് വിമാനയാത്രയിലെ സൗകര്യങ്ങളെ പുനര്‍നിര്‍വചിക്കാനും മികച്ച മൂല്യം നല്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ക്ക് പുറമേ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്കായി ലഭ്യമാക്കുന്നുണ്ട്. ഗൊര്‍മേര്‍ ഹോട്ട് മീല്‍സ്, എയര്‍ഫ്‌ലിക്‌സ് ഇന്‍-ഫ്‌ലൈറ്റ് എക്‌സ്പീരിയന്‍സ് ഹബ്, ഒരേ ദിവസം തന്നെ തടസമില്ലാതെ ഫ്‌ളൈറ്റ് മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫ്‌ലൈ എഹെഡ് സേവനങ്ങള്‍, എക്‌സ്ട്രാ സീറ്റ്, അധികമായി മൂന്നു അല്ലെങ്കില്‍ അഞ്ചു കിലോ കാബിന്‍ ബാഗേജ് അലവന്‍സ് നല്‍കുന്ന എക്‌സ്ട്രാ കാരി-ഓണ്‍ തുടങ്ങിയവ സൗകര്യങ്ങളാണിവ.

കൂടുതല്‍ റൂട്ടുകളില്‍ ബിസിനസ് ക്ലാസ് കോണ്‍ഫിഗറേഷനുള്ള വിമാനം ഉള്‍പ്പെടെയുള്ള പുതിയ സര്‍വീസുകള്‍ ഉടനെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.